കാനഡ ഔദ്യോഗികമായി ഇന്‍ഫ്‌ളുവന്‍സ സീസണിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

By: 600002 On: Nov 15, 2022, 12:19 PM


കാനഡയില്‍ സാംക്രമിക രോഗങ്ങളുടെ സീസണ്‍ ഔദ്യോഗികമായി ആരംഭിച്ചതായി ഫ്‌ളു വാച്ച് റിപ്പോര്‍ട്ട്. ഇത് ആരോഗ്യവിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പുകളെല്ലാം ശരിവെക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങള്‍ നിലവില്‍ പകര്‍ച്ചവ്യാധിക്കാലത്തിലാണ് ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

നവംബര്‍ 5 ന് അവസാനിച്ച ആഴ്ചയില്‍ കാനഡയില്‍ 11.7 ശതമാനം പോസിറ്റീവ് നിരക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്ത 6.3 ശതമാനത്തില്‍ നിന്ന് വലിയൊരു വര്‍ധനവാണിത് സൂചിപ്പിക്കുന്നത്. കാനഡയിലുടനീളം പനി പോലുള്ള ലക്ഷണങ്ങളോട് കൂടി ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം സീസണില്‍ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞയാഴ്ചയില്‍ ഇന്‍ഫ്‌ളുവന്‍സയുമായി ബന്ധപ്പെട്ട് 78 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

അത്യാഹിത വിഭാഗങ്ങളിലും ആശുപത്രികളിലും രോഗികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പലര്‍ക്കും ആശുപത്രികളിലെ ഇടനാഴികളിലാണ് ചികിത്സ ലഭിക്കുന്നത്. കോവിഡും, കുട്ടികളില്‍ പടര്‍ന്നുപിടിക്കുന്ന ആര്‍എസ്‌വിയും മറ്റ് പകര്‍ച്ചവ്യാധികളും ആരോഗ്യ പരിപാലന സംവിധാനത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും കൂടുതലാണ് രാജ്യത്ത് പകര്‍ച്ചവ്യാധികളുടെ വ്യാപനമെന്ന് റിപ്പോര്‍ട്ട് പറയുന്നു.