ഇന്ത്യയില്‍ നിന്ന് കാനഡയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് പുത്തന്‍ പ്രതീക്ഷയേകുന്നതാണ് ഫെഡറല്‍ സര്‍ക്കാരിന്റെ പുതിയ കരാര്‍. കാനഡയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കാനുള്ള ഉടമ്പടിയാണ് ഫെഡറല്‍ സര്‍ക്കാര്‍ ഇന്ത്യയുമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ രാജ്യവും ആഴ്ചയില്‍ 35 വിമാനങ്ങളെന്ന കണക്കില്‍ പരിമിതപ്പെടുത്തിയിരുന്ന മുന്‍ കരാര്‍ ഗണ്യമായി വിപുലീകരിച്ചു കൊണ്ടാണ് പുതിയ പ്രഖ്യാപനം.
കാനഡയിലെ ജനങ്ങളെയും ബിസിനസുകാരെയും സംബന്ധിച്ച് ഇത് വലിയ വാര്‍ത്തയാണെന്ന് ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കരാര്‍ ഭേദഗതി പ്രഖ്യാപിച്ചതിന് ശേഷം ഗതാഗത മന്ത്രി ഒമര്‍ അല്‍ഗബ്ര പറഞ്ഞു.
കരാര്‍ പ്രകാരം നിയുക്ത കനേഡിയന്‍ വിമാനക്കമ്പനികള്‍ക്ക് ബെംഗളൂരു, ചെന്നൈ, ഡെല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവടങ്ങളിലേക്ക് പ്രവേശനം നല്‍കും. അതേസമയം, ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ടൊറന്റോ, മോണ്‍ട്രിയല്‍, എഡ്മന്റണ്‍, വാന്‍കുവര്‍ എന്നിവടങ്ങളിലേക്കും സര്‍വീസുകള്‍ നടത്താം.