കുട്ടികളുടെ വേദനസംഹാരികളുടെയും പനിക്കുള്ള മരുന്നുകളുടെയും ദൗര്‍ലഭ്യം മറികടക്കാന്‍ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ഹെല്‍ത്ത് കാനഡയുടെ തീരുമാനം. കുട്ടികളുടെ മെഡിസന്‍ ഇറക്കുമതി കാര്യക്ഷമമാക്കിയതായി ഹെല്‍ത്ത് കാനഡ അറിയിച്ചു. കുഞ്ഞുങ്ങള്‍ക്കുള്ള അസെറ്റാമിനോഫെന്‍, ഐബുപ്രോഫെന്‍ മെഡിസിനുകള്‍ വരും ആഴ്ചകളില്‍ കമ്മ്യൂണിറ്റി ഫാര്‍മസികളിലും റീട്ടെയ്ല്‍ ഷോപ്പുകളിലും ലഭ്യമാകും.
കുട്ടികളും കൗമാരക്കാരും കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കായി പ്രവേശിപ്പിക്കപ്പെടുന്നവരുടെയും വര്‍ധനവ് മരുന്നുകളുടെ ലഭ്യതയെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മരുന്നുകളുടെ ആവശ്യകത വര്‍ധിച്ചതും ആഭ്യന്തര ലഭ്യതക്കുറവും മറ്റ് ഘടകങ്ങളും ക്ഷാമത്തിന് കാരണമാകുന്നതായാണ് ഫാര്‍മസിസ്റ്റുകളുടെ വിലയിരുത്തല്‍. അതിനാല്‍ ആശുപത്രികളില്‍ വേദനയുടെയും പനിയുടെയും മരുന്നുകളുടെ അടിയന്തര ഇറക്കുമതി ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാവിയില്‍ മരുന്ന് ക്ഷാമം ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും ഹെല്‍ത്ത് കാനഡ വ്യക്തമാക്കി.
ഇബുപ്രോഫെന്‍ ഇറക്കുമതി ചെയ്തതായും ആശുപത്രികളിലേക്കുള്ള വിതരണം ഉടന്‍ ആരംഭിക്കുമെന്നും ഹെല്‍ത്ത് കാനഡ അറിയിച്ചു. യുഎസില്‍ നിന്നാണ് ഇബുപ്രോഫെന്‍ ഇറക്കുമതി ചെയ്യുന്നത്. ഓസ്‌ട്രേലിയയില്‍ നിന്ന് അസറ്റാമിനോഫെന്‍ ഇറക്കുമതി ചെയ്ത് വിതരണത്തിനായി തയാറെടുക്കുകയാണെന്ന് ഹെല്‍ത്ത് കാനഡ അറിയിച്ചു. കമ്മ്യൂണിറ്റി ഫാര്‍മസികള്‍ക്കും ഉപഭോക്താക്കള്‍ക്കും വിതരണം ചെയ്യുന്നതിന് മരുന്ന് നിര്‍മാതാക്കളും വിതരണക്കാരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹെല്‍ത്ത് കാനഡ വ്യക്തമാക്കി.