ചൈനയ്ക്ക് വേണ്ടി ചാരപ്പണി: ഹൈഡ്രോ ക്യുബെക്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു 

By: 600002 On: Nov 15, 2022, 9:34 AM

 

ചൈനീസ് സര്‍ക്കാരിന് വേണ്ടി ചാരപ്രവൃത്തി ചെയ്തുവെന്ന ആരോപണത്തില്‍ മോണ്‍ട്രിയലില്‍ ഒരു ഹൈഡ്രോ ക്യുബെക്ക് ജീവനക്കാരന്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. കാന്‍ഡിയാക്ക് സ്വദേശിയായ യുഷെംഗ് വാങ്(35) ആണ് അറസ്റ്റിലായത്. ഇയാള്‍ ചൈനീസ് സര്‍ക്കാരിന് വ്യാപാര രഹസ്യങ്ങള്‍ വിറ്റുവെന്നാണ് കുറ്റം. വഞ്ചന, വിശ്വാസ ലംഘനം, വ്യാപാര രഹസ്യങ്ങള്‍ പുറത്തുവിടുക, അനധികൃതമായി കമ്പ്യൂട്ടര്‍ ഉപയോഗം തുടങ്ങിയ നാല് കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയതായി ആര്‍സിഎംപി അറിയിച്ചു. 

ചൈനയ്ക്ക് വേണ്ടി നേട്ടമുണ്ടാക്കാന്‍ രാജ്യത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമായതും കോട്ടം തട്ടുന്നതുമായ വ്യാപാര രഹസ്യങ്ങള്‍ വാങ് വിറ്റതായി ആര്‍സിഎംപി പ്രസ്താവനയില്‍ പറഞ്ഞു. 

പ്രതി 2016 മുതല്‍ ജോലി ചെയ്തുവരികയായിരുന്നുവെന്നും ഓഫ് ഐലന്‍ഡ് മോണ്‍ട്രിയല്‍ പ്രാന്തപ്രദേശമായ വാറന്‍സിലെ കമ്പനിയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇലക്ട്രിഫിക്കേഷന്‍ ആന്‍ഡ് എനര്‍ജി സ്റ്റോറേജില്‍ സിറ്റീസ് എന്നറിയപ്പെടുന്ന ബാറ്ററി മെറ്റീരിയലുകളില്‍ ഗവേഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഹൈഡ്രോ ക്യുബെക്ക് സ്ഥിരീകരിച്ചു. 

വാങിനെതിരെ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ അന്വേഷണം ആരംഭിച്ചിരുന്നതായി ആര്‍സിഎംപി അറിയിച്ചു. തന്റെ ചുമതലകള്‍ക്കിടയില്‍ വിവരങ്ങള്‍ ചോര്‍ത്തി ചൈനീസ് സര്‍ക്കാരിന് നല്‍കിയതായാണ് പോലീസ് പറയുന്നത്. ഹൈഡ്രോ-ക്യുബെക്കിന്റെ കോര്‍പ്പറേറ്റ് സെക്യൂരിറ്റി ബ്രാഞ്ചില്‍ നിന്നുള്ള പരാതിയെ തുടര്‍ന്ന് ഇന്റഗ്രേറ്റഡ് നാഷണല്‍ സെക്യൂരിറ്റി എന്‍ഫോഴ്‌സ്‌മെന്റ് ടീം( ഇന്‍സെറ്റ്) ആണ് അന്വേഷണം നടത്തിയത്.