'ഭൂത കാലസ്മരണകളെ തഴുകിയുണർത്തിയ ഡാളസ് ശ്രീ ഗുരുവായൂർ ക്ഷേത്രം' ജില്ലി സുഷിൽ

By: 600084 On: Nov 14, 2022, 5:23 PM

നവംബർ ആദ്യവാരം കേരള ലിറ്റററി സൊസൈറ്റിയുടെ ഈ വർഷത്തെ കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായാണ് ആദ്യമായി ഡാലസിലുള്ള ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെത്തിയത്. പരിപാടികൾക്ക് ശേഷം ഓഡിറ്റോറിയത്തിന് പുറത്തിറങ്ങി നടക്കാൻ തുടങ്ങിയപ്പോഴാണ് അമ്പലത്തിലേക്ക് കടക്കുന്നതിനുള്ള ചെറിയ പടി പൂട്ടിയിട്ടില്ല എന്നുള്ളത് ശ്രദ്ധയിൽപെട്ടത്. വൈകുന്നേരത്തെ പൂജക്കുശേഷം നട അടച്ചിരുന്നു. വിജനമായ നടപ്പാത കാൺകെ വെറുതെ ഒന്ന് നടക്കാൻ ഒരു മോഹം, പാദരക്ഷകൾ ഊരിവക്കുക എന്ന ബോർഡിനിപ്പുറമായി ചെരുപ്പ് ഊരി വച്ച് അകത്തേക്കു കടന്നു കാല്പാദത്തിലൂടെ അരിച്ചു കയറുന്ന തണുപ്പിനെ കാര്യമാക്കാതെ പതിയെ നടത്തം ആരംഭിച്ചു.

ശബരിമല സീസണോടനുബന്ധിച്ചു ധൃത ഗതിയിൽ റോഡിലെ കുഴിയടക്കൽ നടക്കുമ്പോൾ പതിവ് റൂട്ടിൽ നിന്നും മാറി ബസുകൾ കുറച്ചു ദിവസത്തേക്ക് വഴി തിരിച്ചുവിടും. ആ  സമയങ്ങളിൽ കോളേജിന് മുൻപിൽ ഇറങ്ങാൻ സാധിക്കാതെ ഗുരുവായൂർ സ്റ്റാൻഡിൽ ചെന്നിറങ്ങി അവിടെ നിന്നും തിരിച്ചു നടക്കണം.

കളഭവും കർപ്പൂരവും തുളസിയും ഇടകലർന്നു മണക്കുന്ന പടിഞ്ഞാറേ നടയിലൂടെ, ഏകാദശിയോടടുത്തുള്ള ദിവസങ്ങളിലെല്ലാം മേല്പത്തൂർ ഓഡിറ്റോറിയത്തിൽ നിന്നുള്ള കച്ചേരികളുടെ ശബ്ദശകലങ്ങൾ കേൾക്കാം. റോഡ് പണിനീളാൻ പ്രാർത്ഥിക്കുന്ന ദിവസങ്ങൾ. കോയമ്പത്തൂർ നിന്നും ട്രെയിൻ കേറി ഗുരുവായൂരെത്തി പൂക്കച്ചവടം കഴിഞ്ഞു മടങ്ങുന്ന തമിഴു സ്ത്രീകൾ തിരിച്ചു പോകാൻ  ഉള്ള തിരക്കിലാണെങ്കിൽ പൂ വില കുറച്ചു തരും. അന്നേ ദിവസം ക്ലാസ്സിലെ ഒട്ടുമിക്ക കുട്ടികളുടെയും തലയിൽ മുല്ലപ്പൂ ഉണ്ടായിരിക്കും.

ആനയോട്ടം കാണാൻ കിട്ടിയ ഒരു അവസരം പാഴാക്കിയതോർക്കുമ്പോൾ ഇന്നും സങ്കടമാണ്. തിരിച്ചു പോകേണ്ടേ എന്ന മോളുടെ ചോദ്യമാണ് തിരിച്ചു ബോധ മണ്ഡലത്തിലേക്കെത്തിച്ചത്. അപ്പോഴേക്കും ഒരുവട്ടം പ്രദക്ഷിണം വച്ചുകഴിഞ്ഞിരുന്നു. അമ്പലത്തിന്റെ ഒരുവശത്തായി നിൽക്കുന്ന ആനയുടെ പ്രതിമയിൽ ഒന്ന് തലോടിക്കൊണ്ട് തിരികെ നടന്നു.

"ഒരു നേരമെങ്കിലും കാണാതെ വയ്യ" എന്നു വെറുതെ ഒന്ന് മൂളി നോക്കി. ഭക്തിയോ പ്രണയമോ അതോ വാത്സല്യമോ..? പാതാള അഞ്ജനകല്ലിൽ ചതുർബാഹു രൂപത്തിൽ മോഹിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു

P.P.Cherian BSc, ARRT(R)

Freelance Reporter Sunnyvale,Dallas

PH:214 450 4107