എഎച്ച്എസ് ധനസഹായം നല്‍കും; എഡ്മന്റണില്‍ സ്വകാര്യ ശസ്ത്രക്രിയാ കേന്ദ്രം ആരംഭിച്ചു 

By: 600002 On: Nov 14, 2022, 12:43 PM


അസ്ഥിരോഗ സംബന്ധമായ ശസ്ത്രക്രിയകള്‍ നടത്തുന്നതിനായി എഡ്മന്റണില്‍ പുതിയ പ്രൈവറ്റ് സര്‍ജറി ഫെസിലിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ആല്‍ബെര്‍ട്ട സര്‍ജിക്കല്‍ ഗ്രൂപ്പാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസിന് കരാര്‍ പ്രകാരം പൊതുധനസഹായത്തോടെ ശസ്ത്രക്രിയകള്‍ നല്‍കും. 

പുതിയ സംവിധാനം ഫാമിലി ഡോക്ടറെ സമീപിക്കുന്നതില്‍ നിന്നും വ്യത്യസ്തമല്ലെന്ന് ആരോഗ്യമന്ത്രി ജേസണ്‍ കോപ്പിംഗ് പറഞ്ഞു. പൊതുജനാരോഗ്യ സംവിധാനത്തിലൂടെ പണം നല്‍കുന്ന സ്വകാര്യ ക്ലിനിക്കാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോക്ടറുടെ ഓഫീസിലേത് പോലെ ക്ലിനിക്കില്‍ നടത്തിയ ശസ്ത്രക്രിയകള്‍ക്ക് പ്രവിശ്യക്ക് നേരിട്ട് ബില്‍ നല്‍കും. 

പ്രവിശ്യയില്‍ രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എഡ്മന്റണില്‍ നിലവില്‍ 8,000 ത്തോളം പേര്‍ ഓര്‍ത്തോപീഡിക് സര്‍ജറികള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്നും പകുതിയിലധികം പേര്‍ക്കും നിശ്ചയിച്ച സമയത്തേക്കാള്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നും പ്രവിശ്യ സര്‍ക്കാര്‍ പറയുന്നു.