കുട്ടികളില്‍ ശ്വാസകോശ അണുബാധയായ ആര്‍എസ്‌വിയുടെ വ്യാപനം, കോവിഡ് കേസുകളുടെ വര്‍ധന, ഇന്‍ഫ്‌ളുവന്‍സ സീസണ്‍ എന്നിവയുടെ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശവുമായി ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. പ്രവിശ്യയിലുടനീളമുള്ള കുട്ടികളുടെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടാകുന്നത്. അതിനാല്‍ സാധ്യമായ എല്ലാ സമയത്തും കഴിവതും മാസ്‌ക് ധരിക്കണമെന്നാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
മാസ്‌ക് മാന്‍ഡേറ്റിനെക്കുറിച്ചുള്ള കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് ഡോ. കീരന്‍ മൂര്‍, ആരോഗ്യമന്ത്രി ഡോ. കാതറിന്‍ സാന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കുമെന്നും അപ്‌ഡേറ്റ് നല്‍കുമെന്നും ഫോര്‍ഡ് പറഞ്ഞു. മാസ്‌ക് ധരിക്കുന്നത് കൂടാതെ, ബൂസ്റ്റര്‍ ഉള്‍പ്പെടെ എല്ലാ വാക്‌സിനേഷനുകളും സ്വീകരിക്കുക, ഫ്‌ളൂ ഷോട്ട് എടുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഫോര്‍ഡ് നല്‍കിയിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ടൊറന്റോയിലെ സിക്ക് കിഡ്‌സ് ഹോസ്പിറ്റല്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ശസ്ത്രക്രിയാ നടപടികള്‍ നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.