ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി കാനഡയിലെ അഞ്ച് നഗരങ്ങള്‍ 

By: 600002 On: Nov 14, 2022, 11:05 AM


ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ കാനഡയിലെ അഞ്ച് നഗരങ്ങളും ഇടംപിടിച്ചു. ബീസി ആസ്ഥാനമായുള്ള മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സിയായ റെസൊണന്‍സ് കണ്‍സള്‍ട്ടന്‍സിയാണ് 2023 ലെ ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടിക തയാറാക്കിയത്. 

ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള മികച്ച നഗരങ്ങളുടെ പട്ടികയില്‍ ടൊറന്റോ, മോണ്‍ട്രിയല്‍, കാല്‍ഗറി, വാന്‍കുവര്‍, ഓട്ടവ എന്നീ നഗരങ്ങള്‍ ആദ്യ 100 ല്‍ ഇടംപിടിച്ചു. തൊഴില്‍, നിക്ഷേപം, വിനോദസഞ്ചാരം, ചരിത്രപരമായ കാര്യങ്ങള്‍ തുടങ്ങി വൈവിധ്യങ്ങളായ ഘടകങ്ങള്‍ വിശകലനം ചെയ്താണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 

ജീവിക്കാനും ജോലി ചെയ്യാനും വിദ്യാഭ്യാസത്തിനും ഏറ്റവും അനുകൂലമായ മികച്ച 25 നഗരങ്ങളുടെ പട്ടികയിലാണ് ടൊറന്റോ സിറ്റി തെരഞ്ഞെടുക്കപ്പെട്ടത്. 24-ാം സ്ഥാനമാണ് ടൊറന്റോയ്ക്ക് ലഭിച്ചത്. മറ്റ് കനേഡിയന്‍ നഗരങ്ങളില്‍ മോണ്‍ട്രിയല്‍ 57-ാം സ്ഥാനത്തും, കാല്‍ഗറി 65, വാന്‍കുവര്‍ 69, ഓട്ടവ 96-ാം സ്ഥാനത്തുമാണ് എത്തിയത്. ജനങ്ങളുടെ വൈവിധ്യം, സാമ്പത്തിക സ്ഥിരത, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നതനിലവാരം എന്നീ ഘടകങ്ങളാണ് ടൊറന്റോ കനേഡിയന്‍ നഗരങ്ങളില്‍ മികവുറ്റതാക്കാന്‍ കാരണമായതെന്ന് കണ്‍സള്‍ട്ടന്‍സി പറയുന്നു. 

ആഗോളതലത്തില്‍ ലണ്ടന്‍, പാരീസ്, ന്യൂയോര്‍ക്ക്, ദുബായ്, ബാഴ്‌സലോണ തുടങ്ങിയ നഗരങ്ങളാണ് പട്ടികയിലെ മികച്ച നഗരങ്ങളില്‍ ഉള്‍പ്പെട്ട മറ്റ് നഗരങ്ങള്‍.