വേതന നിരക്ക് ഉയർത്തണം; സ്വി​ഗി തൊഴിലാളികൾ സമരത്തിലേക്ക്

By: 600021 On: Nov 13, 2022, 7:10 PM

മിനിമം വേതന നിരക്ക് ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ കമ്പനി പരിഗണിക്കാത്ത  സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ സ്വി​ഗി വിതരണക്കാർ അനിശ്ചിതകാല സമരത്തിലേക്ക്. കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.

പത്ത് കിലോമീറ്റർ ദൂരം ഭക്ഷണം എത്തിച്ച് മടങ്ങി വന്നാൽ 50 രൂപ മാത്രമാണ് ലഭിക്കുകയെന്നും തിരികെ വരുന്ന പത്ത് കിലോമീറ്റർ ദൂരംകൂടി കണക്കിലെടുത്താൽ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്നും തൊഴിലാളികൾ പറയുന്നു.ഉപഭോക്താക്കളിൽ നിന്നും മഴയത്ത് വാങ്ങുന്ന അധിക തുകയും വിതരണക്കാർക്ക് കിട്ടുന്നില്ലെന്നും പരാതിയുണ്ട്. 

ഇന്നലെ സ്വിഗ്ഗി കേരള സോണ്‍ മേധാവികൾ ചർച്ച നടത്തിയെങ്കിലും പ്രശ്നങ്ങൾക്ക് തീരുമാനമായില്ല. ഒക്ടോബറിൽ നടത്തിയ സമരത്തിൽ   രണ്ടാഴ്ചക്കുള്ളിൽ പരിഹാരം ഉണ്ടാക്കുമെന്ന  ഉറപ്പും പാലിച്ചില്ല.