സാമ്പത്തിക സംവരണ വിധി അംഗീകരിക്കാനാകില്ലെന്ന് തമിഴ്‌നാട്; പുനഃപരിശോധനാ ഹർജി നൽകും.

By: 600021 On: Nov 12, 2022, 6:37 PM

സാമൂഹിക നീതിക്കായി നൂറ്റാണ്ടുകളായി നടത്തിയ പോരാട്ടത്തിന് തിരിച്ചടിയാണ് സാമ്പത്തിക സംവരണ വിധിയെന്നും തമിഴ്‌നാടിനു  ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.സാമ്പത്തിക സംവരണ വിധിക്കെതിരെ തമിഴ്നാട് സർക്കാരും ഡിഎംകെ സഖ്യത്തിലെ ഓരോ ഘടകകക്ഷിയും പുനഃപരിശോധനാ ഹർജി നൽകും. പുനപരിശോധനാ ഹർജി നൽകാനുള്ള പ്രമേയം പാർലമെന്‍ററി പാർട്ടി പ്രതിനിധികളുടെ യോഗം പാസാക്കി.

എട്ട് ലക്ഷം വാർഷിക വരുമാനമുള്ളവർ എങ്ങനെ പാവപ്പെട്ടവരാകും എന്ന് അദ്ദേഹം ചോദിച്ചു.  സാമ്പത്തിക സംവരണം ഭരണഘടനാ ശിൽപ്പികളുടേയും രാഷ്ട്രശിൽപ്പികളുടേയും ആശയത്തിന് എതിരാണ്. സാമ്പത്തിക സംവരണത്തിന് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾ അശാസ്ത്രീയമാണെന്നും  അടിസ്ഥാന ജനങ്ങളുടെ മുന്നേറ്റത്തിൽ നിയമങ്ങൾ മാറിമറിഞ്ഞിട്ടുണ്ടെന്നും   സ്റ്റാലിൻ പറഞ്ഞു. 

ദിവസങ്ങൾക്ക് മുമ്പാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയ പത്ത് ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. അഞ്ചംഗ ഭരണഘടന ബഞ്ചിലെ മൂന്ന് ജഡ്ജിമാർ ഭരണഘടന ഭേദഗതി അംഗീകരിച്ചു.