ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം തുടങ്ങിയ കാരണങ്ങളാൽ നൈജീരിയ പിടിച്ചെടുത്ത ഹിറോയിക് ഇഡുൻ കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാരുടെ മോചനം വൈകും. വിദേശകാര്യമന്ത്രാലയം അബൂജയിലെ എംബസി വഴിയും, ഹൈക്കമ്മീഷന്‍ വഴിയും നയതന്ത്ര ഇടപെടലുകൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല.നൈജീരിയയിലെ നിയമ കുരുക്ക് ഒഴിവാക്കാന്‍ അന്വേഷണം ഇന്ത്യയിലേക്കോ, ഇക്വറ്റോറിയല്‍ ഗിനിയിലേക്കോ മാറ്റണമെന്ന അഭ്യര്‍ത്ഥനയും വിജയിച്ചില്ല.
പ്രശ്നപരിഹാരം തേടി കപ്പൽ ജീവനക്കാർ അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചതോടെ, പരാതികളില്‍ നിയമപരമായ തീർപ്പുണ്ടാകട്ടെ എന്ന നിലപാടിലാണ് നൈജീരിയ .ഇതിനിടെ, വന്‍ സൈനിക വലയത്തില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 26 കപ്പല്‍ ജീവനക്കാരെ നൈജീരിയയില്‍ എത്തിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 12നാണ് ഹിറോയിക് ഇഡുന്‍ എന്ന ഓയിൽ കപ്പല്‍ ദുരൂഹ സാഹചര്യത്തില്‍ ഇക്വറ്റോറിയല്‍ ഗിനി പിടികൂടിയത്.