എമര്‍ജന്‍സി റൂമിലെ കാത്തിരിപ്പും ചികിത്സ ലഭിക്കാനുള്ള കാലതാമസവും ഒന്റാരിയോയിലെ രോഗികളെ ബുദ്ധിമുട്ടിലാക്കുകയാണ്. ഇത്തരത്തില്‍ കാലതാമസം നേരിട്ട് അനുഭവിച്ച ഒരു രോഗി ആരോഗ്യ പരിപാലന സംവിധിനത്തില് ഉടനടി മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യത്തിലാണ്.
ഒക്ടോബര്‍ 26 ന് മിസിസാഗയില്‍ അപകടത്തില്‍പ്പെട്ട് പരുക്ക് സംഭവിച്ച 55കാരനായ ഡാന്‍ ട്രിവെറ്റിനാണ് മോശം അനുഭവം ഉണ്ടായത്. ടൊറന്റോയില്‍ മൗണ്ട് സിനായ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് വീട്ടിലേക്ക് വിടുന്നതിന് മുമ്പ് വിപ്ലാഷ് അസെസ്മെന്റിനായി മൂന്ന് മണിക്കൂറാണ് ആശുപത്രിയില്‍ കാത്തിരിക്കേണ്ടി വന്നത്.
വീട്ടിലെത്തിയതിനു ശേഷവും അടിവയറ്റില്‍ കഠിനമായ വേദന അനുഭവപ്പെട്ട ട്രിവെറ്റിനെ പുലര്‍ച്ചെ 2 മണിയോടെ ടൊറന്റോ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടെ തനിക്ക് ഹാര്‍ട്ട് അറ്റാക്ക് ഇല്ലെന്ന് ഉറപ്പാക്കാന്‍ ഹാര്‍ട്ട് മോണിറ്റര്‍ ഓണ്‍ ചെയ്ത് മൂന്ന് മണിക്കൂറോളം സ്ട്രെച്ചറില്‍ ഇരുത്തിയതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് പരിശോധനയ്ക്കായി റാപ്പിഡ് അസസ്മെന്റ് സെന്ററിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. 2 മണിക്ക് പ്രവേശിപ്പിക്കപ്പെട്ടത് മുതല്‍ ആശുപത്രിയില്‍ ഏകദേശം 24 മണിക്കൂറാണ് പരിശോധനകള്‍ക്കായി താന്‍ ചെലവഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഡാന്‍ ട്രിവെറ്റിനെ പോലെ നിരവധി പേര്‍ക്കാണ് ആശുപത്രികളില്‍ പരിശോധനയ്ക്കും എമര്‍ജന്‍സി റൂമുകളിലും കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകുന്നത്. കാലതാമസം നേരിട്ട് മരണമടയുന്ന കാഴ്ചകള്‍ വരെ പ്രവിശ്യയിലെ ആരോഗ്യ മേഖലയില്‍ കാണാവുന്നതാണ്. ഒന്റാരിയോയിലുടനീളമുള്ള എമര്‍ജന്‍സി റൂമുകളിലെ കാത്തിരിപ്പ് സമയം സെപ്റ്റംബറില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയതായാണ് കണക്കുകള്‍.