നീണ്ട കാത്തിരിപ്പ്, നിരാശ... എങ്കിലും വിന്നിപെഗ്ഗിലെ കുടുംബം പ്രതീക്ഷയോടെ കാത്തിരുന്നു തങ്ങളുടെ പ്രിയ അയാദ് അല്‍ഹുസൈന്‍ വേണ്ടി. അവരുടെ പ്രാര്‍ത്ഥനകള്‍ക്കും പ്രതീക്ഷകള്‍ക്കും ഫലമുണ്ടായി. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭീകര സംഘടനയായ ഐഎസ് തട്ടിക്കൊണ്ടുപോയ അയാദ് വിന്നിപെഗ്ഗില്‍ കുടുംബവുമായി ഒന്നിച്ചു.
വ്യാഴാഴ്ച വിന്നിപെഗ് റിച്ചാര്ഡ്സണ് ഇന്റര്‍നാഷണല്‍ എയര്പോര്ട്ടിലുണ്ടായിരുന്നവരെ പോലും ഈറനണിയിക്കുന്നതായിരുന്നു എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്ന അയാദിന്റെയും കുടംബത്തിന്റെയും സന്തോഷപ്രകടനങ്ങള്‍. സഹോദരങ്ങളായ അമാലും ലെയ്ല അല്‍ഹുസൈനും വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി അയാദിനെ നേരില്‍ക്കണ്ടു, വാരിപ്പുണര്‍ന്നു.
വിന്നിപെഗിലെ പുതിയ വീട്ടിലേക്ക് അയാദിനെ കൂട്ടിക്കൊണ്ടുപോകുന്ന ആവേശത്തിലാണ് തങ്ങളിപ്പോഴെന്ന് അമാല്‍ പറഞ്ഞു. 2014 ല്‍ യസീദി കുടുംബം താമസിക്കുന്ന കമ്യൂണിറ്റിയിലേക്ക് ഐഎസ് ഭീകരര്‍ എത്തി കൂട്ടക്കൊലകള്‍ നടത്തി. ഈ ആക്രമണത്തില്‍ 20 പേരടങ്ങുന്ന കുടുംബത്തില്‍ നാല് പേര് മാത്രം അവേശിച്ചു. അന്ന് ആറ് വയയ് പ്രായമുള്ള അയാദിനെ ഭീകരരര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പീഡനവും അക്രമവും നിത്യസംഭവമായ ഐഎസ് തടവറയില്‍ അയാദ് അഞ്ച് കൊല്ലം കഴിഞ്ഞു. എന്തോ അത്ഭുതത്താല് അയാദ് ഭീകരില്‍ നിന്നും മോചിതനായെന്ന് കനേഡിയന്‍ യസീദി അസോസിയേഷന് പ്രസിഡന്റ് ജമീലി നാസോ പറഞ്ഞു. ഇപ്പോഴും ക്യാമ്പിലെ അനുഭവങ്ങള്‍ പേടിപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട് അവനെ. എങ്കിലും സഹോദരിമാര്‍ക്കൊപ്പം സ്കൂളില്‍ പോകാനുള്ള തയാറെടുപ്പിലാണ് അയാദ്.