കാനഡയില്‍ റിമെംബറന്‍സ് ഡേ വിപുലമായി ആചരിച്ചു

By: 600002 On: Nov 12, 2022, 8:50 AM

 

വെള്ളിയാഴ്ച രാജ്യത്തുടനീളം റിമെംബറന്‍സ് ഡേ വിപുലമായി ആഘോഷിച്ചു. യുദ്ധങ്ങളില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ഈ ദിനത്തില്‍ കനേഡിയന്‍ പൗരന്മാര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദേശീയ യുദ്ധ സ്മാരകത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് പോപ്പികള്‍ ധരിച്ചെത്തിയ ആയിരക്കണക്കിനാളുകള്‍ സാക്ഷ്യം വഹിച്ചു. 

ചടങ്ങിനിടയില്‍ നേവി ക്യാപ്റ്റന്‍ ബോണിറ്റ മേസണ്‍ പ്രാര്‍ത്ഥന നടത്തി. ഉക്രെയ്‌നില്‍ നടക്കുന്ന യുദ്ധത്തെക്കുറിച്ചും യുദ്ധങ്ങളില്‍ മരിച്ചു വീഴുന്ന സൈനികരെക്കുറിച്ചും അവരുടെ കുടുംബങ്ങളെക്കുറിച്ചും ജനങ്ങളോട് സംസാരിച്ചു. തങ്ങളുടെ ഭിന്നതകള്‍ മാറ്റിവെച്ച് സമാധാനവും അനുരഞ്ജനവും സ്‌നേഹവും സ്വീകരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. 

ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പ് വിവിധ പ്രായത്തിലുള്ള ഡസന്‍ കണക്കിന് സൈനികര്‍ സായുധ സേനാംഗങ്ങള്‍ക്കൊപ്പം ഓട്ടവയിലെ സ്ട്രീറ്റുകളിലൂടെ മാര്‍ച്ച് ചെയ്തു. കംബോഡിയയില്‍ നടക്കുന്ന അന്താരാഷ്ട ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ചതിനാല്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ സോഫി ഗ്രിഗോയര്‍ ട്രൂഡോയും മകന്‍ സേവ്യര്‍ തുടങ്ങി വിവിധ വിശിഷ്ട വ്യക്തികള്‍ ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു. 

കാനഡയിലുടനീളം വിവധ പ്രവിശ്യകളില്‍ വിപുലമായ രീതിയില്‍ റിമെംബറന്‍സ് ഡേ ചടങ്ങുകള്‍ നടത്തി.