മൂന്ന് ദശാബ്ദത്തിന് ഇപ്പുറം ചലഞ്ചര്‍ പേടകാവശിഷ്ടം കണ്ടെത്തി

By: 600021 On: Nov 11, 2022, 7:11 PM

കാണാതായ പേടക ഭാഗങ്ങള്‍ കണ്ടെത്താനുള്ള ദൌത്യത്തിൽ  ചലഞ്ചര്‍ ദുരന്തത്തില്‍ പൊട്ടിത്തെറിച്ച പേടകത്തിന്‍റെ ഒരു ഭാഗം അറ്റ്ലാന്‍റിക് കടല്‍ത്തട്ടില്‍ കണ്ടെത്തിയതായി നാസയുടെ കെന്നഡി സ്പേസ് സെന്‍റര്‍ സ്ഥിരീകരിച്ചു.1986, ജനുവരി 28 നുണ്ടായ ദുരന്തത്തിനു  മൂന്ന് ദശാബ്ദത്തിന് ഇപ്പുറം ഫ്ലോറിഡ തീരത്തുള്ള കേപ് കാനവെരാലിന് സമീപമാണ് 15 അടിയിലും വലിപ്പമുള്ള പേടകാവശിഷ്ടം കണ്ടെത്തിയത്. എന്നാല്‍ കടല്‍ത്തട്ടിലെ മണലില്‍ പൂണ്ട നിലയില്‍ ആയതിനാല്‍  അവശിഷ്ടത്തിന് ഇതിലും വലുപ്പമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.  പേടകത്തിന്‍റെ മധ്യഭാഗമാണ് കണ്ടെത്തിയതെന്നാണ് സ്ഥിരീകരണം.

ബഹിരാകാശ ഗവേഷണ രംഗത്ത് പേടക അപകടങ്ങളിൽ ഏറ്റവും വലുതായ  ചലഞ്ചർ ദുരന്തത്തിൽ ഏഴ് സഞ്ചാരികൾ കൊല്ലപ്പെട്ടിരുന്നു. പേടകാവശിഷ്ടം കണ്ടെത്തിയ വിവരം ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.റോക്കറ്റിലെ ഖര ഇന്ധന ഭാഗത്തുണ്ടായ ചോര്‍ച്ച കാരണം  വിക്ഷേപണത്തറയിൽ നിന്നും ഉയർന്നു പൊങ്ങി 73 സെക്കന്റിന് ശേഷം ചലഞ്ചര്‍ പേടകം പൊട്ടിത്തെറിക്കുകയായിരുന്നു .