പി പി ചെറിയാൻ, ഡാളസ്.
യുഎസ് രാഷ്ട്രീയത്തിലേക്ക് ശക്തമായ ഒരു തിരിച്ചു വരവിനു പദ്ധതികള്‍ ആവിഷ്‌കരിച്ച മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അസ്തമയവും, അതോടൊപ്പം ഫ്‌ലോറിഡാ സംസ്ഥാനത്തു അജയ്യനായി നിലകൊള്ളുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തനായ നേതാവും, വീണ്ടും ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ട റോണ്‍ ഡി സാന്റിസിന്റെ ഉദയവുമാണ് ഏറ്റവും ഒടുവില്‍ ലഭിച്ച ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ നല്‍കുന്ന സൂചന.
ട്രംപ് പിന്തുണക്കുകയും പ്രചാരണം നടത്തുകയും ചെയ്ത ഭൂരിഭാഗം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ പരാജയവും ഇതിലേക്കുതന്നെ വിരല്‍ ചൂണ്ടുന്നു. നിര്‍ണായക സ്റ്റേറ്റായ പെന്‍സില്‍വാനിയയില്‍ ട്രമ്പ് പ്രചരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തെങ്കിലും ട്രംപ് പിന്തുണച്ച ഡോ. മെഹ്‌മറ്റ് ഓസ് പരാജയപ്പെട്ടു.
ന്യൂഹാംപ്ഷെയറില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി മാഗി ഹസനില്‍ നിന്ന് കനത്ത പരാജയമാണ് ട്രംപ് പിന്തുണച്ച ഡൊണാള്‍ഡ് സി ബോള്‍ഡക് ഏറ്റുവാങ്ങിയത്. മാഗി ഹസന് 54.2% വോട്ടുകളും ബോള്‍ഡകിന് 43.9% വോട്ടുകളുമാണ് ലഭിച്ചത്.
പെന്‍സില്‍വാനിയയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ട്രംപിന്റെ പിന്തുണയുണ്ടായിരുന്ന ഡഗ് മാസ്ട്രിയാനോ, ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ജോഷ് ഷാപിരോയോട് തോറ്റു. ഷാപിരോക്ക് 55.8% വോട്ടും മാസ്ട്രിയാനോക്ക് 42.4% വോട്ടുകളുമാണ് ലഭിച്ചത്.
മേരിലാന്‍ഡില്‍ ഗവര്‍ണര്‍ സ്ഥാനം പിടിക്കാനുള്ള പോരാട്ടത്തില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി വെസ് മൂറിനോടാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡാന്‍ കോക്സ് തോറ്റത്. മൂര്‍ 59.8% വോട്ടും കോക്സ് 37.1% വോട്ടും നേടി.
മസാച്ചുസെറ്റ്സ് ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ ട്രംപിന്റെ പിന്തുണയുണ്ടായിരുന്ന ജെഫ് ഡൈല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി മൗറ ഹീലിയോട് പരാജയം രുചിച്ചു. ഹീലിക്ക് 63.4% വോട്ടുകളും ഡൈലിന് വെറും 35% വോട്ടുകളും മാത്രമാണ് കിട്ടിയത്.
ന്യൂയോര്‍ക്ക് ഗവര്‍ണറായി അധികാരമേല്‍ക്കാമെന്ന ട്രംപ് അനുകൂലി ലീ സെള്‍ഡിന്റെ മോഹത്തിന് കാത്തി ഹോക്കൽ തിരിച്ചടി നല്‍കി. കാത്തിക്ക് 52.8% വോട്ടുകളും സെള്‍ഡിന് 47.2% വോട്ടും ലഭിച്ചു.
ടെക്‌സാസ് പോലുള്ള റിപ്പബ്ലിക്കന്‍ കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമിച്ചതു തടഞ്ഞു നിര്‍ത്താന്‍ ഗ്രെഗ് ആബട്ടിനെപോലുള്ളവര്‍ക്ക് കഴിഞ്ഞുവെന്നതും ഇവിടെ വിസ്മരിക്കാനാവില്ല. യു എസ് സെനറ്റിലും, കോണ്‍ഗ്രസിലും റിപ്പബ്ലിക് പാര്‍ട്ടിക്ക് പ്രതീക്ഷകള്‍ക്കനുസരിച്ചു വന്‍ ഭൂരിപക്ഷം നേടികൊടുക്കുന്നതില്‍ പരാജയപെട്ടപ്പോള്‍ കിംഗ് മേക്കര്‍ എന്ന് അവകാശപ്പെട്ട ട്രംപിന്റെ രാഷ്ടീയ ഭാവിയും അനിശ്ചിതത്തില്‍ ആയിരിക്കുന്നു. അതേ സമയം ഡി സാന്റിസ് എന്ന മറ്റൊരു പ്രമുഖ താരത്തിന്റെ പ്രഭയോടുകൂടിയ ഉദയവും ഈ തിരെഞ്ഞെടുപ്പില്‍ പ്രകടമായി.
2024 ലെ പ്രസിഡന്റ് തിരെഞ്ഞെടുപ്പില്‍ ഡി സാന്റിസോ, ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ടോ സ്ഥാനാര്‍ത്ഥിയായാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും, സാധാരണ വോട്ടര്‍ന്മാരും ആഗ്രഹിക്കുന്നതും അതുതന്നെയാണ്.