കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനൊരുങ്ങി ശബരിമല അയ്യപ്പ സന്നിധി. നട തുറക്കുന്ന നവംബർ 16 ന് വൈകീട്ട് മുതൽ തീർത്ഥാടകരെ പ്രവേശിപ്പിക്കും.രണ്ട് വർഷത്തിന് ശേഷമാണ് പമ്പ സ്നാനം മുതൽ നെയ്യഭിഷേകം വരെയുള്ള ചടങ്ങുകൾക്ക് നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകളും ചേർന്നാണ് തീർത്ഥാടനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത്.
തിരുവാഭരണ ഘോഷയാത്ര, തങ്ക അങ്കി ഘോഷയാത്ര, എരുമേലി പേട്ട തുള്ളൽ തുടങ്ങിയ ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ദർശനത്തിനെത്തുന്നവർക്ക് സ്വാമി അയ്യപ്പൻ റോഡും നീലിമല പാതയും കാനന പാതകളും ഉപയോഗിക്കാം. നിലയ്ക്കലിലാണ് പാർക്കിങ് സൗകര്യം.ഭക്തർക്കായി വെർച്ച്വൽ ക്യൂ,സ്പോട്ട് ബുക്കിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സന്നിധാനത്ത് ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം അധികൃതർ.