സംസ്ഥാനത്ത്  ലഹരി വിരുദ്ധ പ്രചരണം രണ്ടാം ഘട്ടത്തിലേക്ക്

By: 600021 On: Nov 11, 2022, 3:35 PM

ലഹരി ഉപയോഗം തടയാനും ലഹരിക്കെതിരെ  ശക്തമായ അവബോധം സൃഷ്ടിക്കാനും മയക്കുമരുന്ന് മുക്ത സംസ്ഥാനം വീണ്ടെടുക്കാനും  സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന ലഹരി വിരുദ്ധ പ്രചരണം രണ്ടാം ഘട്ടത്തിലേക്ക്. നവംബർ 14 നു ആരംഭിക്കുന്ന ക്യാമ്പയിൻ ജനുവരി വരെ നീളും. ഇതോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ക്യാംപയിനിന്റെ ആദ്യഘട്ടത്തിൽ വിദ്യാർത്ഥികൾ അടക്കം ഒരു കോടിയിലധികം പേരാണ് ലഹരിക്കെതിരെയുള്ള പരിപാടികളിൽ പങ്കെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളം സൗത്ത് ഏഴിപ്രം ജി.എച്ച്.എസ്.എസിൽ നിർമിച്ച ഹയർ സെക്കൻഡറി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

ലഹരി സംഘങ്ങൾ കുട്ടികളെ ലക്‌ഷ്യം വെച്ച്  തന്ത്രപൂർവം ഏജന്റുമാർ ആക്കുന്നു. എളുപ്പം കണ്ടെത്താൻ സാധിക്കാത്ത രൂപത്തിൽ മയക്കു മരുന്നുകൾ കുട്ടികളിലേക്കും മുതിർന്നവരിലേക്കും എത്തിക്കുന്നു. ലഹരി ഉപയോഗിക്കുന്ന ആൾ എന്തും ചെയ്യുന്ന ഉന്മാദ അവസ്ഥയിലേക്ക് എത്തുകയും വീണ്ടും ഉപയോഗിക്കുവാനുള്ള ആസക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നു.  ലഹരി ഉപയോഗം ചികിത്സക്ക് പോലും തിരികെ കൊണ്ടുവരാൻ പറ്റാത്ത വിധം ജീവൻ  അപകടത്തിൽ ആക്കുകയും ചെയ്യുന്നു . ഒരു തലമുറയുടെ സർവനാശം ഒഴിവാക്കാൻ നാമോരോരുത്തരും ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട് . ഈ വിഷയം ഗൗരവം ഏറിയതാണ് . ലഹരിക്കെതിരെയുള്ള കൂട്ടായ പോരാട്ടത്തിന് എല്ലാവരും മുന്നോട്ടു വരണം .ഇത് വിജയിച്ചാൽ ജീവിതം വിജയിച്ചു. തോറ്റാൽ മരണം. മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണം ഉദ്ഘാടനം ചെയ്യവേ ഓർമ്മിപ്പിച്ചു.