വ്യാജ ഇ-ട്രാന്‍സ്ഫര്‍ തട്ടിപ്പ്: എഡ്മന്റണില്‍ ഒരാള്‍ പോലീസ് പിടിയില്‍ 

By: 600002 On: Nov 11, 2022, 1:27 PM

 

വ്യാജ ഇ-ട്രാന്‍സ്ഫര്‍ വഴി ഓണ്‍ലൈന്‍ വില്‍പ്പനക്കാരെ കബളിപ്പിച്ച് ആയിരക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായതായി പോലീസ്. ആന്റണി റെനെല്ല ഡുഗാസ്(29) എന്ന യുവാവാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 27ന് പിടിയിലായ ഇയാള്‍ക്കെതിരെ നിരവധി വഞ്ചനാകുറ്റങ്ങള്‍ ചുമത്തി. 

12 ഓളം തട്ടിപ്പ് കേസുകളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് പോലീസ് ആരോപിക്കുന്നു. ഉല്‍പ്പന്നം വില്‍ക്കുന്നയാളെ വ്യാജ ഇ-ട്രാന്‍സ്ഫര്‍ കാണിച്ചാണ് തട്ടിപ്പിനിരയാക്കുന്നത്. ഉല്‍പ്പന്നം ലഭിച്ചാലുടന്‍ പ്രതി ഇതുമായി രക്ഷപ്പെടും. അപ്പോള്‍ മാത്രമാണ് വില്‍പ്പനക്കാരന്‍ ഇതൊരു തട്ടിപ്പാണെന്ന് തിരിച്ചറിയുകയുള്ളൂ. 

ഇത്തരത്തില്‍ തട്ടിപ്പിനിരയായവര്‍ കൂടുതല്‍ പേര്‍ ഉണ്ടാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഭാവിയില്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍ വില്‍പ്പനക്കാരും ഉപഭോക്താക്കളും ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.