ആല്‍ബെര്‍ട്ടയിലെ ആര്‍സിഎംപിയെ ഒഴിവാക്കി ഒരു പ്രവിശ്യാ പോലീസ് സേനയെ രൂപീകരിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നതായി പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. പുതിയ പദ്ധതി നികുതി ദായകര്‍ക്ക് കൂടുതല്‍ ചെലവുണ്ടാക്കുമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നെങ്കിലും തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് പ്രീമിയറിന്റെ നിലപാട്. പബ്ലിക് സേഫ്റ്റി ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് മന്ത്രി മൈക്ക് എല്ലിസിന് ബുധനാഴ്ച കത്തിലാണ് സ്മിത്ത് ഉത്തരവിട്ടിരിക്കുന്നത്.
ആല്‍ബെര്‍ട്ട പോലീസ് സര്‍വീസ്(APS) എന്ന പേരില്‍ പുതിയ പോലീസ് സേനയെ രൂപീകരിക്കാന്‍ ജസ്റ്റിസ് മിനിസ്റ്റര്‍ ടൈലര്‍ ഷാന്ഡ്രോയുമായി പ്രവര്‍ത്തിക്കാന്‍ കത്തില്‍ നിര്‍ദ്ദേശിക്കുന്നു. ഷാന്ഡ്രോയ്ക്ക് അയച്ച മറ്റൊരു കത്തില്‍ പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ സ്മിത്ത് നിര്‍ദ്ദേശിക്കുന്നു.
അതേസമയം, സ്മിത്ത് ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉയര്‍ന്ന ചിലവുകള്‍ക്ക് കാരണമാകുമെന്നത് സംബന്ധിച്ച് മുതിര്‍ന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥന് എതിര്‍പ്പുകളൊന്നും അറിയിച്ചിട്ടില്ല. ഇത് അനുയോജ്യമായ പദ്ധതിയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.