ക്യുബെക്കിലെ വടക്കന്‍ മേഖലയില്‍ കൂടുതല്‍ നഴ്‌സുമാരെ നിയമിക്കാന്‍ നടപടി 

By: 600002 On: Nov 11, 2022, 12:09 PM


വടക്കന്‍ ക്യുബെക്കില്‍ കൂടുതല്‍ നഴ്‌സുമാരെയും ഇന്‍യൂട്ട് കമ്യൂണിറ്റിയിലുള്ള ജീവനക്കാരെയും നിയമിക്കാന്‍ നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ മാസം ഈ മേഖലയില്‍ 10 ശിശുക്കള്‍ കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ചതായുള്ള കൊറോണര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഈ നടപടി. ആശുപത്രികളില്‍ തിരക്ക് വര്‍ധിക്കുകയും മതിയായ സ്റ്റാഫുകളില്ലാത്തതിനാല്‍ കാര്യക്ഷമമായി രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിനൊരു പരിഹാരമായാണ് പുതിയ തീരുമാനം. 

കുട്ടികള്‍ക്ക് രോഗ പ്രതിരോധ കുത്തിവെയ്പ് നല്‍കുന്നതിലും നുനാവിക്കിലെ ഇന്‍യൂട്ട് കമ്യൂണിറ്റികള്‍ക്ക് പ്രതിരോധ സേവനങ്ങള്‍ നല്‍കുന്നതിനുമായി കൂടുതല്‍ നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടക്കുകയാണെന്ന് റീജിയണല്‍ ഹെല്‍ത്ത് ബോര്‍ഡ് അറിയിച്ചു. 

ഇന്‍യൂട്ട് വിഭാഗങ്ങള്‍ സംസാരിക്കുന്ന ഇനുക്റ്റിറ്റൂട്ട് സംസാരിക്കാനറിയുന്ന ആ വിഭാഗത്തിലുള്ള ജീവനക്കാരെ നിയമിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ഏജന്‍സി അറിയിച്ചു. ഈ വിഭാഗക്കാരെ മനസ്സിലാക്കാനും അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയാനുമാണ് ഇന്‍യൂട്ട് ജീവനക്കാരെ നിയമിക്കുന്നത്.