ഈ വാരാന്ത്യത്തില്‍ ടൊറന്റോയിലെ മൈക്കല്‍ ഗാരണ്‍ ഹോസ്പിറ്റലിലെ(എംജിഎച്ച്) അത്യാഹിത വിഭാഗത്തില്‍ സേവനങ്ങള്‍ ലഭിക്കാന്‍ വൈകുകയും മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയുമുണ്ടാകുമെന്നും രോഗികള്‍ മുന്‍കൂട്ടി തയാറായിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുതിയ കെന്‍ ആന്‍ഡ് മെര്‍ലിന്‍ തോംസണ്‍ പേഷ്യന്റ് കെയര്‍ സെന്ററിലേക്ക് എംജിഎച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റാന്‍ തയാറെടുക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന സാങ്കേതിക നവീകരണങ്ങള്‍ മൂലം വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കും.
എംജിഎച്ച് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത ഒരു മെമ്മോയില്‍ അത്യാഹിത വിഭാഗം തുറന്നുപ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രോഗത്തിന്റെ/ പരിക്കുകളുടെ തീവ്രത അടിസ്ഥാനമാക്കി രോഗികളുടെ പരിചരണത്തിന് മുന്‍ഗണന നല്‍കുമെന്നും മെമ്മോയില്‍ അറിയിക്കുന്നു. ഹോസ്പിറ്റലിന്റെ വെര്‍ച്വല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റും ചെറിയ പരിക്കുകള്‍ക്കുള്ള ഇ-ബുക്കിംഗ് പോര്‍ട്ടലും വെള്ളിയാഴ്ചയും ശനിയാഴ്ചയും അടച്ചിട്ടിരിക്കുമെന്നും പുതിയ ബുക്കിംഗുകള്‍ സ്വീകരിക്കില്ലെന്നും അറിയിപ്പുണ്ട്. രണ്ട് സര്‍വീസുകളും ഞായറാഴ്ച പുനരാരംഭിക്കും.