വീടിനുള്ളില്‍ മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെ എല്ലാ പൊതുജനാരോഗ്യ മുന്‍കരുതലുകളും ഉറപ്പായും പിന്തുടരണമെന്ന് ജനങ്ങള്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ശൈത്യകാലത്തെ ഇന്‍ഫ്‌ളുവന്‍സ, കുട്ടികളിലെ ആര്‍എസ്‌വി രോഗബാധ, കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നത് എന്നിവയുടെ പശ്ചാത്തലത്തിലാണ് കാനഡയിലെ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. തെരേസ ടാം ജനങ്ങളോട് ആഭ്യര്‍ത്ഥിച്ചത്.
വൈറസ് ബാധ മൂലം ആശുപത്രികളിലും ദുര്‍ബലരായ ആളുകളിലും ഉണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിന് വ്യക്തിഗത സംരക്ഷണം പാലിക്കണമെന്ന് തെരേസ ടാം നിര്‍ദ്ദേശിച്ചു.
വ്യക്തിഗത സംരക്ഷണത്തിനായി കോവിഡിനും മറ്റ് പകര്‍ച്ചവ്യാധികള്‍ക്കുമെതിരെ വാക്‌സിനുകള്‍ സ്വീകരിക്കുന്നത് മികച്ച സംരക്ഷണം നല്‍കാന്‍ കഴിയും. അതിനാല്‍ കോവിഡ് ബൂസ്റ്ററുകളും ഫ്‌ളൂഷോട്ടുകളും സമയബന്ധിതമായി സ്വീകരിക്കുകയും ശുചിത്വം പാലിക്കാനും, വീടിനികത്തും വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിലും ശാരീരിക അകലം സാധ്യമല്ലാത്ത സ്ഥലങ്ങളിലും യോജിച്ച മാസ്‌കുകള്‍ ധരിക്കാനും ടാം ആവശ്യപ്പെടുന്നു.