കാനഡയിലെ ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 'മള്‍ട്ടി-ഡെമിക് സീസണ്‍'

By: 600002 On: Nov 11, 2022, 9:28 AM


കാനഡയിലുടനീളം ആശുപത്രികളും അത്യാഹിതവിഭാഗങ്ങളും രോഗബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഫ്‌ളൂ സീസണ്‍ ആയതുകൊണ്ടും കുട്ടികളിലെ ആര്‍എസ്‌വി രോഗം വ്യാപിക്കുന്നതു കൊണ്ടും ആശുപത്രികളില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. മള്‍ട്ടി-ഡെമിക് സീസണ്‍ എന്നാണ് ആരോഗ്യ വിദഗ്ധര്‍ ഈ സീസണിനെ വിശേഷിപ്പിക്കുന്നത്. 

ആശുപത്രികളില്‍ രോഗികളുടെ തിരക്ക് ഏറി വരുന്നതിനാല്‍ പരിചരണ സൗകര്യങ്ങളിലെല്ലാം പലപ്പോഴും പരിമിതപ്പെട്ടുകൊണ്ടിരിക്കുകയാണ്. രോഗികളെ ഇടനാഴികളില്‍ പോലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചികിത്സിക്കേണ്ടി വരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കാത്തിരിപ്പ് സമയങ്ങളും ഇതിനോടനുബന്ധിച്ച് കൂടി. നവംബര്‍ 9 ന് ലണ്ടന്‍ ഹെല്‍ത്ത് സയന്‍സസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അടിയന്തര പരിചരണ വിഭാഗത്തിന്റെ കാത്തിരിപ്പ് സമയം 20 മണിക്കൂര്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടുന്നു. കമ്യൂണിറ്റികളില്‍ വ്യാപിക്കുന്ന അണുബാധകളാണ് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ ഇത്രയും വര്‍ധനവുണ്ടാക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

അതേസമയം, ജീവനക്കാരുടെ കുറവും നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മാനസിക സമ്മര്‍ദ്ദങ്ങളും ആരോഗ്യ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഒന്റാരിയോയിലെ രജിസ്‌റ്റേര്‍ഡ് നഴ്‌സസ് അസോസിയേഷന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്തുടനീളമുള്ള നഴ്‌സുമാര്‍ മാനസിക സമ്മര്‍ദ്ദത്തിലാണ്. കാനഡയിലെ നഴ്‌സുമാരില്‍ 75.3 ശതമാനം പേരും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാനസികമായും ശാരീരികമായും പ്രതിസന്ധിയിലാണ്. മാത്രവുമല്ല, നഴ്‌സുമാരില്‍ ഭൂരിഭാഗം പേരും ജോലി ഉപേക്ഷിക്കുകയോ മറ്റ് രാജ്യങ്ങളിലേക്കോ പോവുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.