രാജ്യത്തെ ടിവി ചാനലുകൾ എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും പൊതു താല്‍പ്പര്യവും ദേശീയ താൽപ്പര്യവും സംബന്ധിക്കുന്ന പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിർബന്ധമാക്കി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. രാജ്യത്തെ ടെലിവിഷൻ ചാനലുകള്‍ക്കുള്ള അപ്‌ലിങ്ക്, ഡൗൺലിങ്ക് മാർഗ്ഗനിർദ്ദേശങ്ങൾ 2022ന് കേന്ദ്രമന്ത്രിസഭ അംഗീകരം നല്‍കിയ സാഹചര്യത്തിലാണ് ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയത്.
ഉത്തരവ് എല്ലാ ചാനലുകൾക്കും ബാധകമാണ്. ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ചാനലുകൾക്ക് എട്ട് ഉള്ളടക്കങ്ങളും നല്‍കിയിട്ടുണ്ട്. അതേസമയം,ഉള്ളടക്കം ചാനലുകൾ സംപ്രേക്ഷണം ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും ലംഘിച്ചാൽ വിശദീകരണം തേടുമെന്നും മന്ത്രാലയം അറിയിച്ചു.ടിവി സംപ്രേഷണം നടത്തുന്ന തരംഗങ്ങള്‍ രാജ്യത്തിന്‍റെ പൊതു സ്വത്താണെന്നും അത് സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും മികച്ച താൽപ്പര്യത്തിനായി ഉപയോഗിക്കേണ്ടതുണ്ട് എന്നതാണ് ഇത്തരം നിര്‍ദേശത്തിന്‍റെ കാതല്‍ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.