ശബരിമല സീസൺ അടുത്തിട്ടും മതിയായ സൂപ്പർ ക്ലാസ് ബസുകളില്ലാതെ കെഎസ്ആർടിസി

By: 600021 On: Nov 10, 2022, 6:17 PM

ശബരിമല സീസൺ അടുത്തപ്പോഴും സർവീസ് നടത്താൻ  കെഎസ്ആർടിസിയിൽ സൂപ്പർ ക്ലാസ് ബസ്സുകൾ ഇല്ല. ഇപ്രാവശ്യം തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചാൽ  കെഎസ്ആർടിസിയുടെ വരുമാനം വർധിക്കുമെന്ന് കണക്കു കൂട്ടവെയാണ് പുതിയ പ്രതിസന്ധി. അടുത്ത ആറ് മാസം കൊണ്ട് 159 സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലാവധി അവസാനിക്കാനിരിക്കവേ കാലാവധി നീട്ടി നൽകി താൽക്കാലിക പരിഹാരം  കാണാനാണ് കോർപറേഷന്റെ തീരുമാനം.

അഞ്ച് വര്‍ഷത്തേക്കാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് ബസുകളുടെ പെർമിറ്റ് നൽകുന്നത്. പുതിയ ബസുകളൊന്നും വാങ്ങാതെ വന്നപ്പോള്‍ സര്‍ക്കാര്‍ അത് ഏഴും ഒൻപതും വർഷമായി ഉയർത്തിയിരുന്നു. സൂപ്പർക്ലാസ്  ബസുകളുടെ കാലാവധി പത്ത് വര്‍ഷമായി ഉയര്‍ത്തണമെന്ന് ഗതാഗത വകുപ്പിനോട് അഭ്യര്‍ത്ഥിച്ചതിനെ തുടർന്ന് നിലവില്‍ എട്ട് വര്‍ഷത്തിന് മുകളിലും പത്ത് വര്‍ഷത്തില്‍ താഴെയും പഴക്കമുള്ള ബസുകളുടെ കാലാവധി പത്ത് വര്‍ഷമായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു .