നബീല സയ്യദ്(23) ഇല്ലിനോയ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം വനിത

By: 600084 On: Nov 10, 2022, 5:32 PM

പി പി ചെറിയാൻ, ഡാളസ്.

ചിക്കാഗോ: അട്ടിമറി വിജയത്തിലൂടെ ഇല്ലിനോയ് ജനപ്രതിനിധി സഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം വനിത എന്ന പദവി നബീല സയ്യദിന്. നബീലക്ക് 22234(52.3%) വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 20250(47.7%) വോട്ടുകളാണ്.

ഇല്ലിനോയ് 51 ഹൗസ് ഡിസ്ട്രിക്റ്റില്‍ നിന്നും മത്സരിച്ച നബീല പരാജയപ്പെടുത്തിയത് നിലവിലുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ക്രിസ് ബോസിനെയാണ്.

സഭയിലെത്തുന്ന  ആദ്യ സൗത്ത് ഏഷ്യന്‍ എന്ന ബഹുമതിയും ഇവര്‍ക്ക് ലഭിക്കും.

ഇല്ലിനോയിയിലെ പലാറ്റിന്‍ ജനിച്ചു അവിടെയുള്ള പബ്ലിക് സ്‌ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ച നബീല കമ്മ്യൂണിറ്റി ഓര്‍ഗനൈസറായി ഹോം ടൗണില്‍ തന്നെ സേവനം അനുഷ്ഠിച്ചിരുന്നു. വോട്ടിങ്ങിനുള്ള അവകാശം, ഗര്‍ഭഛിദ്രാവകാശം, വിദ്യാഭ്യാസം, ടാക്‌സ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് ഇവര്‍ തിരഞ്ഞെടുപ്പു പ്രചരണം നടത്തിയത്.

കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി(ബര്‍ക്കിലി)യില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സ് ആന്റി ബിസിനിസ്സില്‍ ബിരുദം നേടിയിട്ടുണ്ട്. മതപരമായ കാര്യങ്ങളില്‍ വളരെ സജീവമായ നബീല നോര്‍ത്ത് വെസ്റ്റ് സമ്പര്‍ബ്‌സില്‍ ഇസ്ലാമിക് സൊസൈററിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു മുസ്ലീം വനിതകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു.