ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സിന് തകര്‍പ്പന്‍ വിജയം- ഹാരിസ് കൗണ്ടി ജഡ്ജി കഷ്ടിച്ചു രക്ഷപ്പെട്ടു

By: 600084 On: Nov 10, 2022, 5:21 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ്/ ഹൂസ്റ്റണ്‍: ടെക്‌സസ്സിലെ സുപ്രധാന കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പില്‍ ഡാളസ് കൗണ്ടി ജഡ്ജിയായി ക്ലെ ജങ്കിന്‍സ് വന്‍ മാര്‍ജിനില്‍ വിജയിച്ചപ്പോള്‍ ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗൊ രക്ഷപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിന്.

പാന്‍ഡമിക്കിന്റെ പാരമ്യത്തില്‍ ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് സ്വീകരിച്ച നിലപാടുകളെ ഭാഗീകമായോ പൂര്‍ണ്ണമായോ നിഷേധിക്കുകയോ തള്ളികളയുകയോ ചെയ്തു. ഈ രണ്ടു ജഡ്ജിമാരുടേയും തീരുമാനങ്ങള്‍ സംസ്ഥാനത്തു മാത്രമല്ല, ദേശീയ ശ്രദ്ധ വരെ പിടിച്ചു പറ്റിയിരുന്നു. 2010 മുതല്‍ തുടര്‍ച്ചയായ ഭരണത്തിലിരിക്കുന്ന ക്ലെ ജങ്കിന്‍സിന്റെ വിജയത്തെകുറിച്ചു ആശങ്കയുണ്ടായിരുന്നുവെങ്കിലും, ഡാളസ് ഡെമോക്രാറ്റിന്റെ ശക്തകേന്ദ്രമായതിനാല്‍ വിജയം അനായാസമാകുകയായിരുന്നു. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 68 ശതമാനം ജങ്കിന്‍സ് നേടിയപ്പോള്‍ റിപ്പബ്ലിക്കന്‍ ജഡ്ജിയായി മത്സരിച്ച ലോറന്‍ ഡേവിസിന് ആകെ ലഭിച്ചത് 38 ശതമാനമായിരുന്നു. രണ്ടാം തവണ മത്സരത്തിനിറങ്ങിയ ഹൂസ്റ്റണിലെ ലിന ഹിഡല്‍ഗൊ ഡമോക്രാറ്റിക് രക്ഷപ്പെട്ടതു അവസാന നിമിഷം പ്രഥമ വനിത ജില്‍ ബൈഡന്‍ പള്ളികള്‍ കയറിയിറങ്ങി വോട്ടര്‍മാരെ കണ്ടു നേരിട്ട് അഭ്യര്‍ത്ഥിച്ചതിന്റെ പരിണിതഫലം തന്നെയാണ്. ഹിഡല്‍ഗൊ 50.74 ശതമാനം വോട്ടകള്‍ നേടിയപ്പോള്‍ എതിരാളി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി അലക്‌സാന്‍ഡ്രിയ 49.25 ശതമാനം വോട്ടുകള്‍ നേടി.