അപൂര്‍വമായ ജനിതകരോഗം ആദ്യമായി ഗര്‍ഭാശയത്തില്‍ ചികിത്സിച്ച് ഭേദമാക്കി: ചരിത്രം കുറിച്ച് കനേഡിയന്‍ ഡോക്ടര്‍മാര്‍ 

By: 600002 On: Nov 10, 2022, 12:59 PM


അപൂര്‍വമായ ജനിതക രോഗത്തിന് ഗര്‍ഭാശയത്തില്‍ വെച്ച് ആദ്യമായി ചികിത്സ നല്‍കി ശാസ്ത്രലോകത്ത് വിപ്ലവം തീര്‍ത്തിരിക്കുകയാണ് കാനഡയിലെ ഡോക്ടര്‍മാര്‍. 16 മാസം പ്രായമായ ഐലയാണ് ആ അത്ഭുതം നിറഞ്ഞ കുഞ്ഞ്. ഗര്‍ഭാശയത്തില്‍ വെച്ച് ചികിത്സ നല്‍കിയാല്‍ അത് വിജയകരമാകുമോയെന്ന് കാണിച്ചു തന്ന കുഞ്ഞാണ് തങ്ങളുടേതെന്ന് ഐലയുടെ അമ്മ സോബിയ ഖുറേഷി സന്തോഷത്തോടെ പറയുന്നു. 

മാതാപിതാക്കളായ സാഹിദ് ബഷീറിനും സോബിയയ്ക്കുമൊപ്പം ഓട്ടവയില്‍ താമസിക്കുന്ന ഐല, ഗര്‍ഭസ്ഥ ശിശുവായിരിക്കെ, 2021 ലാണ് ചികിത്സയ്ക്ക് വിധേയായത്. ഓട്ടവ ഹോസ്പിറ്റലിലെയും ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഈസ്റ്റേണ്‍ ഒന്റാരിയോയിലെയും ഡോക്ടര്‍മാരുടെ സംഘമാണ് പരീക്ഷണ ചികിത്സ നടത്തി വിജയകരമാക്കിയത്. യൂട്രോ എന്‍സൈം തെറാപ്പിയെന്നാണ് ചികിത്സയുടെ പേര്. 

പാരമ്പര്യവും മാരകവുമായ ജനിതക വൈകല്യമാണ് ഐലയുടേത്. ഈ രോഗം തന്നെയാണ് അവളുടെ രണ്ട് സഹോദരിമാരുടെയും ജീവനെടുത്തതാണ്. എന്നാല്‍ ഐല ജനിതക രോഗത്തെ അതിജീവിക്കുകയും ജീവിതം വിജയകരമായി മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നത് ശാസ്ത്രലോകത്തിന് പുത്തന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. ചികിത്സയുടെ വിശദ വിവരങ്ങള്‍ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ സ്റ്റഡിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.