ബീസിയിലെ ലോവര്മെയിന്ലാന്ഡില് ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ 11കാരിയെ ആശുപത്രിയിലെത്തിക്കാന്‍ കുടുംബത്തിന് കാത്തിരിക്കേണ്ടി വന്നത് 41 മണിക്കൂര്‍. ഡോക്ടര്‍ കുറിച്ച് നല്കിയ മരുന്നുകള്‍ അമിത അളവില്‍ കഴിച്ചാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടിയെ സൈക്യാട്രിക് വിഭാഗത്തിലേക്ക് മാറ്റാനായാണ് കുടുംബത്തിന് നീണ്ടസമയം കാത്തിരിക്കേണ്ടി വന്നത്.
കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായി കണ്ടെത്തിയ പിതാവ് ആദ്യം ലാംഗ്ലി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമിതഡോസില്‍ മരുന്ന് കഴിച്ചതിനാല്‍ കുട്ടിയുടെ സ്ഥിതി വഷളാകാതിരിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചു. എന്നാല്‍ ഇവിടെ കൗമാരക്കാര്‍ക്ക് വേണ്ടിയുള്ള കൈക്യാട്രിക് യൂണിറ്റ് ഇല്ലായിരുന്നു. സൈക്യാട്രിസ്റ്റിനെ കാണുന്നതിനായി പെണ്‍കുട്ടിയെ സറേ മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് മാറ്റാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ സറേ ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ് ലഭിച്ചില്ലെന്ന കാരണത്താല്‍ മകള്‍ ഒരു മുഴുവന്‍ പകലും രാത്രിയും അധികമായി അവിടെ തങ്ങിയതായി അമ്മ കുറ്റപ്പെടുത്തുന്നു. 41 മണിക്കൂറിനു ശേഷമാണ് പിന്നീട് ആംബുലന്‍സ് എത്തി സറേ ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം, പെണ്‍കുട്ടിയും കുടുംബവും അനുഭവിച്ചതു പോലുളള സാഹചര്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നുമാണ് ബീസി ആംബുലന്‍സ് പാരാമെഡിക്സ് ആന്‍ഡ് ഡിസ്പാച്ചര്മാരുടെ വിശദീകരണം.