ഫ്‌ളോറിഡ ടിഎസ്എ ചെക്ക്‌പോയിന്റില്‍ കോഴിമാംസത്തിനുള്ളില്‍ ഒളിപ്പിച്ച തോക്ക് പിടികൂടി 

By: 600002 On: Nov 10, 2022, 11:56 AM

 

യുഎസില്‍ കോഴിമാംസത്തിനുള്ളില്‍ കൈത്തോക്കുമായി വിമാനത്തില്‍ കയറാന്‍ ശ്രമിക്കവെ യാത്രക്കാരന്‍ ടിഎസ്എ(ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍)യുടെ പിടിയിലായി. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡേല്‍-ഹോളിവുഡ് എയര്‍പോര്‍ട്ടില്‍ വെച്ചാണ് യാത്രക്കാരനെ പിടികൂടിയത്. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 

ഹെയ്തിയിലെ പോര്‍ട്ട്-ഓ-പ്രിന്‍സിലേക്കാണ് യാത്രക്കാരന്‍ യാത്ര ചെയ്യനിരുന്നത്. ട്വിറ്റര്‍ വഴി ടിഎസ്എ അധികൃതര്‍ തോക്കിന്റെ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ തോക്കിന്റെ ഉടമ ആരെന്നോ മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. മറ്റ് നിയമനടപടികള്‍ സംബന്ധിച്ചും വ്യക്തമായിട്ടില്ല. 

ഈ വര്‍ഷം ഫ്‌ളോറിഡയിലെ ടിഎസ്എ ചെക്ക്‌പോയിന്റുകളില്‍ റെക്കോര്‍ഡ് തോക്കുകളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് ടിഎസ്എ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഈ വര്‍ഷം ഇതുവരെ 700 ല്‍ അധികം തോക്കുകള്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ ചെക്ക്‌പോയിന്റുകളില്‍ നിന്നും പിടികൂടിയിട്ടുണ്ടന്നാണ് ടിഎസ്എ പുറത്തുവിടുന്ന കണക്കുകള്‍.