പണപ്പെരുപ്പം നേരിടാന്‍ പദ്ധതിയുമായി ക്യുബെക്ക് സര്‍ക്കാര്‍

By: 600002 On: Nov 10, 2022, 11:39 AM


പണപ്പെരുപ്പത്തിനിടയില്‍ ക്യുബെക്കിലെ ആളുകള്‍ക്ക് ആശ്വസവുമായി സര്‍ക്കാര്‍. പണപ്പെരുപ്പത്തിനെതിരെ പോരാടാന്‍ പ്രവിശ്യയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും 400 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെ ലഭിക്കും. ധനമന്ത്രി എറിക് ജിറാര്‍ഡാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. 

2021 ല്‍ 50,000 ഡോളറില്‍ താഴെ വരുമാനമുള്ള ആളുകള്‍ക്ക് 600 ഡോളറും 100,000 ഡോളറിനും 50,000 ഡോളറിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് 400 ഡോളറും ഡിസംബര്‍ വരെ ലഭ്യമാകും. സിപിംള്‍ ആന്‍ഡ് എഫക്ടീവ് എന്ന് വിശേഷിപ്പിക്കുന്ന സര്‍ക്കാരിന്റെ ഈ നടപടി പണപ്പെരുപ്പത്തെ നേരിടാന്‍ നികുതിദായകരെ സഹായിക്കുന്നതിന് സിഎക്യു പാര്‍ട്ടി നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റലാണെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ കുറച്ചുമാസങ്ങളായി പ്രവിശ്യയിലെ പണപ്പെരുപ്പം 6.5 ശതമാനം മുതല്‍ 7 ശതമാനം വരെ ഉയര്‍ന്നിരിക്കുകയാണ്. 

നേരിട്ടുള്ള നിക്ഷേപത്തിനായി സൈന്‍ അപ്പ് ചെയ്തവര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ പണം ലഭിക്കും. അല്ലാത്തവര്‍ക്ക് ചെക്കാണ് ലഭിക്കുക. ഇത് വഴി സര്‍ക്കാര്‍ ഏകദേശം 3.5 ബില്യണ്‍ ഡോളറാണ് ചെലവാക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ പദ്ധതി പണപ്പെരുപ്പം കൂടുതല്‍ ഗുരുതരമാക്കുമെന്ന വിമര്‍ശനങ്ങളും ഉയര്‍ത്തുന്നുണ്ട്. 

പദ്ധതി പ്രഖ്യാപിക്കുന്നതിനൊപ്പം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജിറാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പണം അയക്കുന്നത് സംബന്ധിച്ച് റെവന്യു ക്യുബെക്ക് ടെക്സ്റ്റ് മെസ്സേജുകളിലൂടെയോ ഇ-മെയില്‍ വഴിയോ ആരുമായും ആശയവിനിമയം നടത്തുകയില്ലെന്ന് അദ്ദേഹം അറിയിച്ചു.