അറ്റ്ലാന്റിക് തീരങ്ങളില്‍ ആഞ്ഞടിക്കുമെന്ന് കരുതപ്പെടുന്ന നിക്കോള്‍ ചുഴലിക്കാറ്റ് തെക്കന്‍ ഒന്റാരിയോയിലെ കാലാവസ്ഥയില്‍ വലിയ മാറ്റമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ശനിയാഴ്ച ടൊറന്റോ നവംബറിലെ എക്കാലത്തെയും ചൂടേറിയ താപനിലയാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് നിക്കോളിന്റെ വരവ്. നിക്കോളിന്റെ വരവോടെ പ്രവിശ്യയില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാറ്റഗറി 1 ല്‍ ഉള്‍പ്പെടുന്ന ചുഴലിക്കാറ്റാണ് നിക്കോള്‍. ഫ്ളോറിഡയില്‍ കരതൊടാന്‍ സാധ്യതയുള്ള കൊടുങ്കാറ്റ് പ്രധാനമായും കിഴക്കന്‍ കാനഡയെയാണ് ബാധിക്കുക. എന്നാല്‍ ഫിയോണയെ പോലെ കഠിനമായിരിക്കില്ലെന്നാണ് പ്രവചനം.
ബുധനാഴ്ച വടക്കന്‍ ബഹാമാസിന്റെ ചില ഭാഗങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ് വ്യാഴാഴ്ച പുലര്‍ച്ചെ ഫ്ളോറിഡയില്‍ കരകയറുന്നതിന് മുമ്പ് കാറ്റഗറി 1 ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ശക്തമായ തിരമാലകള്‍, മണ്ണൊലിപ്പ്, വെള്ളപ്പൊക്കം എന്നിവ നിക്കോള്‍ ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്കുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വടക്കന്‍ ഒന്റാരിയോയില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചാല്‍, തണ്ടര്‍ ബേ, സോള്‍ട്ട് സ്റ്റേ മേരി തുടങ്ങിയ നഗരങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കുന്നു.