ആഗോളതലത്തില്‍ കോവിഡ് മരണങ്ങളില്‍ കുറവ് വന്നതായി ലോകാരോഗ്യ സംഘടന. ഫെബ്രുവരി മുതല്‍ കോവിഡ് ബാധിച്ചുള്ള മരണങ്ങളില്‍ 90 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രതീക്ഷയ്ക്ക് വക വെക്കുന്നതാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എന്നാല്‍ വകഭേദങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പാന്‍ഡെമിക്കിനെതിരെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കൊറോണ വൈറസ് ബാധിച്ച് 9,400 മരണങ്ങളാണ് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഫെബ്രുവരിയില്‍, ആഗോള തലത്തില്‍ പ്രതിവാര മരണങ്ങള്‍ 75,000 കവിഞ്ഞതായി അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് നടന്ന വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ കോവിഡ് പരിശോധനകള്‍ കുറവാണെന്നും വികസിത, വികസ്വര രാഷ്ട്രങ്ങള്‍ തമ്മിലുള്ള വാക്‌സിനേഷന്‍ നിലയില്‍ ഇപ്പോഴും വ്യത്യാസമുണ്ടെന്നും പുതിയ വകഭേദങ്ങളും ഉപവകഭേദങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരെ പ്രതിരോധം വീണ്ടും ശക്തമാക്കിയേ തീരൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇതുവരെ ആകെ 629 മില്യണ്‍ കേസുകളും 6.5 മില്യണ്‍ മരണങ്ങളുമാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.