ചെലവ് ചുരുക്കലിന്റെ ഭാഗമായായി 11,000 ജീവനക്കാരെ പിരിച്ചുവിട്ട് ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ.പരസ്യ വരുമാനം ഇടിഞ്ഞതും വരുമാനത്തിൽ ഉണ്ടായ ഇടിവുമാണ് പിരിച്ചു വിടലിന് കാരണമെന്ന് മെറ്റാ സി ഇ ഒ മാർക്ക് സക്കർബർഗ് ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.ഇതോടെ മെറ്റക്ക് 13 ശതമാനം ജീവനക്കാരാണ് നഷ്ടമായത്.
ശതകോടീശ്വരൻ ഇലോൺ മസ്ക് ട്വിറ്ററിൽ കൂട്ട പിരിച്ചുവിടൽ നടത്തി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഫേസ്ബുക്കും സമാനമായ നടപടി സ്വീകരിച്ചത്.മെറ്റയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഓൺലൈൻ പരസ്യങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പിരിച്ചു വിടൽ. മെറ്റ ചരിത്രത്തിൽ ആദ്യമായാണ് ത്രൈമാസ വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തിയത്.2004-ൽ ഫേസ്ബുക്ക് സ്ഥാപിതമായതിന് ശേഷമുള്ള ആദ്യത്തെ ചെലവ് ചുരുക്കൽ നടപടിയാണ് ഇത്.
പ്രൈവസി നയത്തില്‍ ആപ്പിൾ വരുത്തിയ മാറ്റങ്ങളും പ്രധാന എതിരാളിയായ ടിക്‌ടോക്കിന്റെ വളർച്ചയും മെറ്റയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.നഷ്ടപ്പെട്ട വരുമാനം തിരിച്ചു പിടിക്കാൻ മെറ്റാ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചേക്കും.