ട്രാൻസ്‌പോർട്ട് കാനഡയിൽ നിന്ന് 19-ാം വയസ്സിൽ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ റേറ്റിംഗ് ലൈസൻസ് കരസ്ഥമാക്കിയ നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ എന്ന സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് കാൽഗറിയിൽ നിന്നുമുള്ള കൊച്ചു മിടുക്കി ഗോഡ്‍ലി മേബിൾ. പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതകളിൽ ഒരാൾ എന്ന നിലയിൽ 2021 മുതൽ കാനഡക്കാർക്കു സുപരിചിതയാണ് മലയാളിയായ ഗോഡ്‍ലി മേബിൾ. തുടർന്ന് 2022 മാർച്ചിൽ കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത എന്ന റെക്കോർഡും മേബിൾ കരസ്ഥമാക്കിയിരുന്നു. കൂടാതെ, ഇന്ത്യൻ വംശജയായ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ, ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഫ്ലൈറ്റ് ഇൻസ്ട്രക്ടർ എന്നീ റെക്കോർഡുകളും മേബിൾ സ്വന്തമാക്കിയിരിക്കുകയാണ്
എയർ ലൈൻ പൈലറ്റ് ആകണമെങ്കിൽ 21 വയസ് ആയിരിക്കണമെന്ന ട്രാൻസ്‌പോർട്ട് കാനഡയുടെ നിബന്ധനക്കുമുന്പിൽ, കുട്ടിക്കാലം മുതൽ എയർ ലൈൻ ക്യാപ്റ്റൻ ആകാനുള്ള തന്റെ അടങ്ങാത്ത ആഗ്രഹവുമായി ഇനിയും രണ്ടു വർഷം കാത്തിരിയ്ക്കണം മേബിളിന്. ലൈസൻസ് ലഭിച്ച ഉടൻ തന്നെ കാൽഗറിയിലും പരിസര നഗരങ്ങളിൽ നിന്നുമുള്ള നിരവധി ഫ്ലയിങ് സ്കൂളുകളിൽ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ ആകുവാൻ അവസരങ്ങൾ ലഭിച്ചിരിക്കുകയാണ് മേബിളിന്. എയർ ലൈൻ ക്യാപ്റ്റൻ ആകാനുള്ള തൻ്റെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ ഒരു നേട്ടത്തോടുകൂടി മേബിൾ കൈവരിച്ചിരിക്കുന്നത്. ബിഷപ്പ് മക്കനാലി ഹൈസ്കൂളിൻ നിന്ന് ഹൈസ്കൂൾ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം സ്പ്രിംഗ് ബാങ്ക് എയർ ട്രൈനിംഗ് കോളേജിൽ നിന്ന് പ്രൈവറ്റ് പൈലറ്റ് ലൈസൻസ് , കാൽഗരി ഫ്ലയിങ് ക്ലബ്ബിൽ നിന്ന് കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് മറ്റും മൾട്ടി-ഐ ഫ് ആർ റേറ്റിംഗ് , കണാട്ട ഏവിയേഷൻ കോളേജിൽ നിന്ന് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ ലൈസൻസ് നേടി. 2017 ഡിസംബറിൽ കാനഡയിലേക്ക് ചേക്കേറിയ പ്രവാസി മലയാളികളായ അബിയുടെയും റോസ് അബിയുടെയും മൂത്തമകളാണ് ഗോഡ്‍ലി മേബിൾ. സഹോദരൻ റയാൻ അബി.