ഉമ്മന്‍ചാണ്ടിക്ക്  ചികിത്സ ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ; നാളെ ലേസർ സർജറിക്ക് വിധേയനാക്കും

By: 600021 On: Nov 9, 2022, 6:28 PM

മികച്ച ചികിത്സക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബെർലിനിലെ ചാരിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാളെ അദ്ദേഹത്തെ ലേസർ സർജറിക്ക് വിധേയനാക്കുമെന്ന്  മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.രണ്ട് ദിവസം മുമ്പാണ് ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. ആലുവ പാലസിൽ വിശ്രമത്തിലായിരുന്ന ഉമ്മൻചാണ്ടി ജര്‍മനിയിലേക്ക് പോകും മുമ്പ് തന്‍റെ പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്ക് പോയിരുന്നു.

ഉമ്മൻ ചാണ്ടിയുടെ ആരോ​ഗ്യനിലയുമായി ബന്ധപ്പെട്ട് പുതുപ്പള്ളിയിലെ നാട്ടുകാരെ വിഷമത്തിലാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വാർത്തകൾ വ്യാജമെന്ന് മകൻ ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സ നിഷേധ നടത്തിയിട്ടില്ലെന്നും ഏറ്റവും മികച്ച ചികിത്സ ഞങ്ങളുടെ പിതാവിന് ലഭിക്കണമെന്നാണ്  ആ​ഗ്രഹമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.കഴിഞ്ഞ മാസം 31  ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ 79 - ആമത് ജന്മദിനം.