കാലാവസ്ഥാ വ്യതിയാനം മൂലം കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടമുണ്ടായതായി പാര്‍ലമെന്ററി ബജറ്റ് ഓഫീസറുടെ റിപ്പോര്‍ട്ട്. വരും വര്‍ഷങ്ങളിലും ഈ കണക്കുകള്‍ ഗണ്യമായി ഉയര്‍ന്നേക്കാമെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്. പാര്‍ലമെന്ററി ബജറ്റ് ഓഫീസര്‍ യുവ്‌സ് ജിറോക്‌സ് പറയുന്നത്, നൂറ്റാണ്ടിന്റെ അവസാനം വരെ നഷ്ടം വര്‍ധിച്ചുകൊണ്ടിരിക്കുമെന്നും 2050 ആകുമ്പോഴേക്കും ഇത് 2.4 ശതമാനത്തിലെത്തുമെന്നുമാണ്.
2021 ല്‍ രാജ്യത്തെ ജിഡിപി, കാലാവസ്ഥാ വ്യതിയാനം അടിസ്ഥാനമാക്കിയല്ലാതെ 0.8 ശതമാ്‌നം കുറവാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് നഷ്ടപ്പെട്ട സമയത്ത് ഏകദേശം 20 ബില്യണ്‍ ഡോളര്‍ മുതല്‍ 25 ബില്യണ്‍ ഡോളര്‍ വരെയുള്ളതിന് തുല്യമാണ്. കൃഷി, ടൂറിസം, ഊര്‍ജം തുടങ്ങിയ മേഖലകളെ കാലാവസ്ഥാ വ്യതിയാനം കൂടുതലായി ബാധിക്കുന്നുണ്ട്. സമുദ്രനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരപ്രദേശങ്ങളും അപകടസാധ്യതയിലാണ്. കൂടാതെ വസ്തുവകകള്‍ക്ക് നാശനഷ്ടവും ആശങ്കാജനകവുമായ മേഖലയായും തീരപ്രദേശത്തെ പട്ടികപ്പെടുത്തിയിട്ടുണ്ട്.
കാനഡയില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റുകള്‍ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ക്കുന്നു. സമീപ വര്‍ഷങ്ങളില്‍ ഉഷ്ണതരംഗം കൂടുതല്‍ ആവൃത്തിയോടെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടു. ശക്തമായ മഴയിലും കാറ്റിലും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നു. റോഡുകളും ഹൈവേകളും വെള്ളത്തിനടിയിലാവുകയും ഒലിച്ചുപോവുകയും ചെയ്യുന്നു. ചൂട് വര്‍ധിക്കുകയും നൂറുകണക്കിന് മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഈയടുത്ത് അറ്റ്‌ലാന്റിക് കാനഡയില്‍ വീശിയടിച്ച ഫിയോണ ചുഴലിക്കാറ്റാണ് കാനഡയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതെന്നാണ് കണക്കുകള്‍.