ഏകീകൃത സിവിൽ കോഡ് അടക്കം സുപ്രധാന നിയമനിർമ്മാണങ്ങളെ കുറിച്ച് ചർച്ച ഉയരുന്ന സാഹചര്യത്തിൽ നിയമ കമ്മീഷൻ പുനസംഘടിപ്പിച്ച് കേന്ദ്രസർക്കാർ. നാല് വർഷത്തിന് ശേഷമാണ് പുനഃസംഘടന. കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി ചെയർമാനാവുന്ന കമ്മീഷനിൽ കേരള ഹൈക്കോടതി മുൻ ജഡ്ജി കെ ടി ശങ്കരൻ, ആനന്ദ് പലിവാൾ, പ്രൊഫ. ഡി.പി. വർമ്മ, പ്രൊഫ. രാകാ ആര്യ, എം. കരുണാനിധി എന്നിവർ അംഗങ്ങളാവും. നാളെ കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ചെയർമാനും അംഗങ്ങളും സ്ഥാനമേൽക്കും.
2018 ൽ നിയമ കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് ജസ്റ്റിസ് ബി എസ് ചൗഹാൻ വിരമിച്ചതിന് ശേഷം ലോ കമ്മീഷൻ നിയമനം നടത്തിയിരുന്നില്ല. നിയമ കമ്മീഷൻ പുനസംഘടിപ്പിക്കുന്നതിലുള്ള കാലതാമസത്തിനെതിരെ സുപ്രീം കോടതിയിൽ നേരത്തെ പൊതുതാൽപര്യ ഹർജി എത്തിയിരുന്നു.