ഹെല്‍ത്ത് കെയര്‍, സോഷ്യല്‍ അസിസ്റ്റന്‍സ് മേഖലകളില്‍ ജോലി ഒഴിവുകള്‍ റെക്കോര്‍ഡ് ഉയരത്തില്‍: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: Nov 8, 2022, 1:06 PM

 

ഓഗസ്റ്റില്‍ രാജ്യത്ത് 958,500 പേറോള്‍ എംപ്ലോയ്‌മെന്റ് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോര്‍ട്ട്. ഓഗസ്റ്റ് മാസത്തെ പോറോള്‍ എംപ്ലോയ്‌മെന്റ്, വരുമാനം, സമയം, ജോലി ഒഴിവുകള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏതെങ്കിലും കാരണത്താല്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന ജോലി ഒഴിവുകള്‍, അല്ലെങ്കില്‍ തൊഴിലുടമ മുമ്പ് നികത്തിയ തസ്തികകള്‍ എന്നിവ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. 

ജൂലൈയില്‍ പുറത്തിറക്കിയ ഡാറ്റയില്‍ നിന്ന് ചെറിയ മാറ്റമാണ് റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ 2021 ഓഗസ്റ്റില്‍ 919,200 ജോലി ഒഴിവുകള്‍ ഉള്ളപ്പോള്‍ ഈ വര്‍ഷം കാര്യമായ മാറ്റമാണ് കണ്ടെത്തിയിരിക്കുന്നത്. ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ റെക്കോര്‍ഡ് ഒഴിവുകളാണ് ഓഗസ്റ്റ് മാസത്തിലുണ്ടായതെന്ന് റിപ്പോര്‍ട്ടിലെ കണക്കുകള്‍ കാണിക്കുന്നു. 2022 ഓഗസ്റ്റ് വരെ ആരോഗ്യ സംരക്ഷണ, സാമൂഹിക സഹായ മേഖലയില്‍ 152,000 ഒഴിവകളുണ്ടെന്നാണ് കണക്ക്. ജൂണ്‍, ജൂലൈ മാസങ്ങളിലെ മൊത്തം 6.4 ശതമാനത്തേക്കാള്‍ 0.4 ശതമാനം വര്‍ധനയാണിത്. 

ആശുപത്രികളില്‍ ഇപ്പോഴും ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഹെല്‍ത്ത് കെയര്‍ മേഖലയിലെ ഒഴിവുകള്‍ നികത്താന്‍ കാനഡ പ്രധാനമായും ഇമിഗ്രേഷനെയാണ് ആശ്രയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നഴ്‌സുമാരില്‍ നാലിലൊന്ന് പേരും ഫിസിഷ്യന്മാരില്‍ 36 ശതമാനം പേരും കാനഡയില്‍ ജനിച്ചവരല്ലെന്നാണ് കണക്കുകള്‍. എന്നിരുന്നാലും, വിദേശ പരിശീലനം ലഭിച്ച മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് കനേഡിയന്‍ അധികാരികളില്‍ നിന്ന് ശരിയായ ലൈസന്‍സിംഗ് നേടുന്നത് ബുദ്ധിമുട്ടാണെന്നും ഇത് അവര്‍ക്ക് അവരുടെ മേഖലയില്‍ ജോലി കണ്ടെത്താനും ആരോഗ്യസംരക്ഷണ സംവിധാനത്തിലെ സമ്മര്‍ദ്ദം കുറയ്ക്കാനും പരിമിതപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ക്ക്  https://www150.statcan.gc.ca/n1/daily-quotidien/221027/dq221027a-eng.htm?CMP=mstatcan     ലിങ്ക് സന്ദര്‍ശിക്കുക.