ജിടിഎയിലെ എമര്‍ജന്‍സി റൂമില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരേക്കാള്‍ കൂടുതല്‍ ഒഴിവുകള്‍ മറ്റ് നഴ്‌സിംഗ് വിഭാഗങ്ങളിലുണ്ടെന്ന് ഇന്റേണല്‍ റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്, ജീവനക്കാരുടെ ക്ഷാമം ഇതിനകം തന്നെ ആരോഗ്യ പരിപാലന സംവിധാനത്തെ എങ്ങനെ തകര്‍ച്ചയിലാക്കുന്നു എന്നതിലേക്കാണ്. ലേക്കറിഡ്ജ് ഹെല്‍ത്തിന്റെ ഒരു കണ്‍സള്‍ട്ടന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ടില്‍ ഒഷാവ ആശുപത്രിയിലെ സ്ഥിതി വളരെ മോശമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. അവിടെ 55 ശതമാനം ഒഴിവ് രോഗികളുടെ വലിയ കാത്തിരിപ്പിന് കാരണമാകുന്ന ഘടകങ്ങളില്‍ ഒന്നാണെന്ന് പറയുന്നു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിസന്ധി നേരിടുകയാണ്. സ്റ്റാഫിംഗ്, മനോവീര്യമില്ലായ്മ, തെറ്റായി ക്രമീകരിച്ച ഇന്‍സെന്റീവുകള്‍, ഇഎംഎസ് ഓഫ്‌ലോഡുകള്‍ എന്നിവ പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മഹാമാരിയും തുടര്‍ന്നുള്ള തൊഴിലാളി ക്ഷാമവും കാരണം പ്രതിസന്ധി രൂക്ഷമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ആരോഗ്യ പരിപാലന സംവിധാനത്തില്‍ സ്റ്റാഫ് ക്ഷാമം നേരിടാന്‍ പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കണമെന്നാണ് ഒന്റാരിയോയിലെ യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. പ്രവിശ്യയില്‍ നിന്ന് ജോലിയില്‍ അതൃപ്തിയുള്ള കൂടുതല്‍ നഴ്‌സുമാര്‍ പ്രവിശ്യക്ക് പുറത്തേക്കോ രാജ്യത്തിനു പുറത്തേക്കോ പോകുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരത്തില്‍ ജീവനക്കാരുടെ കൂട്ടമായ കൊഴിഞ്ഞുപോക്കാണ് ചില ആശുപത്രികളില്‍ അത്യാഹിത വിഭാഗങ്ങളും എമര്‍ജന്‍സി റൂമുകളും അടച്ചിടാന്‍ കാരണമാകുന്നതെന്ന് യൂണിയനുകള്‍ പറയുന്നു.