സിസ്റ്റം തകരാറിലായതിനെ തുടര്‍ന്നുള്ള ഫ്‌ളൈറ്റ് റദ്ദാക്കലുകള്‍ തുടര്‍ന്നേക്കാമെന്ന അറിയിപ്പുമായി കാല്‍ഗറി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റ് ജെറ്റ് കമ്പനി. ഞായറാഴ്ച സിസ്റ്റം തകരാറിലായതിനെ തുടര്‍ന്ന് 200 ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കാലതാമസങ്ങളും റദ്ദാക്കലുകളും നേരിടേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നതായി വെസ്റ്റ്‌ജെറ്റ് അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച 31 വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, ഫ്‌ളൈറ്റുകള്‍ക്കായി കാത്തിരിക്കുന്ന യാത്രക്കാര്‍ക്കായി 10 അധിക വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് വെസ്റ്റ് ജെറ്റ് അറിയിച്ചു.
എയര്‍ലൈനിന്റെ പ്രാഥമിക ഡാറ്റാ സെന്ററിലുണ്ടായ കൂളിംഗ് പ്രശ്‌നത്തിന്റെ ഫലമാണ് തകരാറിന് കാരണമായതെന്ന് വെസ്റ്റ് ജെറ്റ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും സിഒഒയുമായ ഡീഡെറിക് പെന്‍ പ്രതികരിച്ചു. പ്രശ്‌നം പരിഹരിച്ചുവെന്നും എന്നാല്‍ കമ്പനിയുടെ സാങ്കേതിക സംവിധാനങ്ങളില്‍ ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.