ഒന്റാരിയോയില്‍ വിദ്യാഭ്യാസ മേഖലയിലെ 55,000 ത്തോളം വിദ്യാഭ്യാസ ജീവനക്കാര്‍ ആരംഭിച്ച പണിമുടക്ക് പിന്‍വലിക്കുന്നതായി ഒന്റാരിയോ സകൂള്‍ ബോര്‍ഡ് കൗണ്‍സില്‍ ഓഫ് യൂണിയന്‍സ് അറിയിച്ചു. പണിമുടക്ക് നിയമവിരുദ്ധമാക്കിയ നിയമനിര്‍മ്മാണം(ബില്‍ 28) റദ്ദാക്കാമെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് അവസാനിപ്പിക്കുന്നതായി യൂണിയന്‍ പ്രഖ്യാപിച്ചത്.
ഒന്റാരിയോ വിദ്യാഭ്യാസ ജീവനക്കാരുടെ പണിമുടക്ക് രേഖാമൂലം നിയമവിരുദ്ധമാക്കുന്ന നിയമനിര്‍മ്മാണം പിന്‍വലിക്കാനുള്ള തന്റെ ആവശ്യം പ്രീമിയര്‍ ഫോര്‍ഡ് അംഗീകരിച്ചതായും യൂണിയന്‍ പ്രസിഡന്റ് ലോറ വാള്‍ട്ടണ്‍ പറഞ്ഞു.
പണിമുടക്ക് പിന്‍വലിക്കാന്‍ യൂണിയന്‍ തയാറാണെങ്കില്‍, നിയമനിര്‍മ്മാണം നടത്തുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുമെന്ന് ഫോര്‍ഡ് അറിയിച്ചിരുന്നു. ഇരുവിഭാഗവും തമ്മിലുള്ള ചര്‍ച്ചകള്‍ ഒരാഴ്ചയിലേറെയായി നിലച്ചിരിക്കുകയാണെന്നും കരാര്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസിനെ(CUPE) ക്ഷണിക്കുന്നതായും ഫോര്‍ഡ് അറിയിച്ചു.