ഭൂരിപക്ഷ വിധിയിലൂടെ സാമ്പത്തിക സംവരണം അംഗീകരിച്ച്  സുപ്രീംകോടതി

By: 600021 On: Nov 7, 2022, 2:58 PM

കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹർജിയിൽ  സംവരണം അംഗീകരിച്ചു അഞ്ചംഗ ഭരണഘടന ബഞ്ചിലെ മൂന്ന് ജഡ്ജിമാർ . ഇതോടെ  മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സർക്കാർ തീരുമാനവും അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ സാമ്പത്തിക സംവരണവും കോടതി ശരിവെച്ചു.നിലവിൽ സംവരണമുള്ള വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതിനെയും ഈ വിധി അംഗീകരിച്ചു.മൂന്ന്-രണ്ട് എന്ന ഭൂരിപക്ഷ വിധിയിലൂടെയാണ്  സാമ്പത്തിക സംവരണം സുപ്രീംകോടതി അംഗീകരിച്ചത്.   

സംവരണം പിന്നാക്കം നില്‍ക്കുന്നവരെ കൈപിടിച്ച് ഉയർത്താനാണെന്ന് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവർ നിരീക്ഷിച്ചു.സംവരണവിഭാഗങ്ങളെ  ഒഴിവാക്കിയതിനോട്  ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ വിയോജിച്ചു.ബഞ്ചിന് നേതൃത്വം നല്‍കിയ ചീഫ് ജസ്റ്റിസ് ഭൂരിപക്ഷ വിധിയോട് വിയോജിക്കുന്നത് അസാധാരണമാണ്.