വൈക്കം അഷ്ടമി മഹോത്സവത്തിന്  കൊടിയേറി 

By: 600021 On: Nov 7, 2022, 2:06 PM

വൈക്കം മഹാദേവ ക്ഷേത്രത്തിൽ  ഈ മാസം 17 ന് ആരംഭിക്കുന്ന അഷ്ടമി ഉൽസവത്തിന്  കൊടിയേറി. കൊടിമര ചുവട്ടിലെ കെടാവിളക്ക്  ഇനി 12 ദിനരാത്രങ്ങൾ അണയാതെ കത്തും.ശ്രീകോവിലിലെ പ്രഭാത പൂജയ്ക്കും പ്രത്യേക പൂജകൾക്കും ശേഷമായിരുന്നു കൊടിയേറ്റം.നടൻ ജയസൂര്യ ഭദ്രദീപം തെളിയിച്ചു.

ഉൽസവത്തിന്റെ ഏഴാം ദിവസമായ  ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്ക്  ഭഗവാന്റെ ഋഷഭവാഹന പുറത്തെഴുന്നള്ളത്തും   ഉത്സവത്തിന്റെ ഒൻപതാം  ദിവസം  പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളവും  നടക്കും.പുലർച്ചെ 4.30 മുതൽ അഷ്ടമി ദർശനവും രാത്രി അഷ്ടമി വിളക്കും നടക്കും.വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ഒപ്പം ദേശത്തെ ഏഴ് ദേവീ ദേവൻമാരും എഴുന്നള്ളുന്ന പ്രൗഢ ഗംഭീരമായ അഷ്ടമി വിളക്കിന് ശേഷം വിടപറയൽ ചടങ്ങോടെയാണ് ഉൽസവം  സമാപിക്കുക.

ക്ഷേത്രവും പരിസരവും പൂർണ്ണമായും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാക്കിയതായും  പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ മുഴുവൻ  സമയ സേവനവും സജ്ജമാക്കിയിട്ടുണ്ടെന്നും ദേവസ്വം അറിയിച്ചു