ഐആര്‍സിസി(ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ) ഉദ്യോഗസ്ഥനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഫലസ്തീന്‍ അഭയാര്‍ത്ഥി സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. അഭയാര്‍ത്ഥികളെ കാനഡ വേണ്ട വിധം സഹായിക്കുന്നില്ലെന്നും അവരുടെ സംരക്ഷണം, താമസം, ജോലി തുടങ്ങിയ കാര്യങ്ങളിലൊന്നും മതിയായ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും കാലങ്ങളായി ഉയര്‍ന്നു വരുന്ന ആരോപണങ്ങളാണ്. ഇതിനിടയിലാണ് അസീസ അബുസിര്‍ദാന എന്ന യുവതിയുടെ കടുത്ത പ്രതിഷേധം. ആരും ശ്രദ്ധിക്കാത്തതിനാലാണ് ഇത്തരത്തില്‍ വളരെ ഗുരുതരമായൊരു കാര്യം ചെയ്യേണ്ടി വന്നതെന്ന് അബുസിര്‍ദാന മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധമെന്ന നിലയിലാണ് സ്വയം വേദനിപ്പിച്ചത്. അവര്‍ പറയുന്നു.
ഏഴ് മാസമായി കാനഡയില്‍ കുടുങ്ങിക്കിടക്കുകയാണ്. ടൊറന്റോയില്‍ ഒരു അഭയാര്‍ത്ഥി ഹോട്ടലിലാണ് കഴിയുന്നത്. താന്‍ ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഫെഡറല്‍ സര്‍ക്കാരിന്റെയും സെറ്റില്‍മെന്റ് ഏജന്‍സിയുടെയും ശ്രദ്ധ ആകര്‍ഷിക്കാനാണ് സ്വയം വയറ്റില്‍ കുത്തിയത്. അര വര്‍ഷത്തിലേറെയായി സുരക്ഷിതമായ താമസസ്ഥലം കണ്ടെത്തുന്നതില്‍ സര്‍ക്കാരിന് സഹായിക്കാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. തന്നെ സഹായിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് രാജ്യത്തേക്ക് സ്വീകരിച്ചതെന്നും അവര്‍ ചോദിക്കുന്നു.
അബുസിര്‍ദാനയെ പോലെ നിരവധി പേരാണ് കാനഡയില്‍ അഭയാര്‍ത്ഥികളായുള്ളത്. ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് തന്റെ ഈ പ്രതിഷേധം കൊണ്ട് എന്തെങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബുസിര്‍ദാന.