ലഭ്യത വിപൂലികരിക്കുന്നതിനായി കോവിഡ് രോഗത്തിന്റെ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന പാക്‌സ്‌ലോവിഡ് നിര്‍ദ്ദേശിക്കാന്‍ ഫാര്‍മസിസ്റ്റുകളെ അനുവദിക്കുന്നത് ഒന്റാരിയോയുടെ പരിഗണനയിലുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് ഡോ.കീരന്‍ മൂര്‍. ശരത്കാലത്തും ശീതകാലത്തും ആരോഗ്യപരിപാലന സംവിധാനം നേരിടുന്നത് മോശം സീസണാണ്. കോവിഡ്, ഫ്‌ളൂ സീസണ്‍, കുട്ടികളിലെ ശ്വാസകോശ സംബന്ധമായ വൈറസിന്റെ വ്യാപനം തുടങ്ങി മൂന്നിരട്ടി ഭീഷണിയാണ് രാജ്യത്തിനു നേരെയുള്ളതെന്ന് അദ്ദേഹം പറയുന്നു. ഇതിനെ ചെറുക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിയേ തീരൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് രോഗബാധിതരെ ആശുപത്രിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനായി മരുന്നുകളുടെ കൂടുതല്‍ ലഭ്യത ഉറപ്പാക്കാനുള്ള വഴികള്‍ കണ്ടെത്തുന്നത് കൂടുതല്‍ ഗ്രാമീണ സമൂഹങ്ങള്‍ക്ക് സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചാല്‍ പാക്‌സ്‌ലോവിഡ് നേരിട്ട് നിര്‍ദ്ദേശിക്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് കഴിയുമോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
പ്രവിശ്യയില്‍ ഒന്നിലധികം മെഡിക്കല്‍ ഓഫീസര്‍മാര്‍ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. മരുന്നിന്റെ ലഭ്യത വര്‍ധിപ്പിക്കാനുള്ള ഒരു പരിഹാരമാണിതെന്ന് താന്‍കരുതുന്നതായി അദ്ദേഹം പറഞ്ഞു.