പിപിഇ കിറ്റ് തട്ടിപ്പ്: കാനഡയിലുള്ള മൂന്ന് പേര്‍ക്ക് ശിക്ഷ വിധിച്ചു 

By: 600002 On: Nov 7, 2022, 11:27 AM


കോവിഡ് മഹാമാരിക്കാലത്ത് ഉപയോഗിച്ചിരുന്ന പിപിഇ കിറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കാനഡയിലുള്ള മൂന്ന് പേരെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഒന്റാരിയോ സ്വദേശികളാണ് മൂന്ന് പേരും. റിച്ച്മണ്ട് ഹില്ലില്‍ താമസിക്കുന്ന സ്റ്റീവന്‍ മെസ്‌റോപ്(31), മിസ്സിസാഗ സ്വദേശിയായ മിര്‍ന മഹ്‌റൗസ് ഹബീബ്(25), ടൊറന്റോയിലുള്ള കരീന്‍ ട്രിയ്‌സ്‌റ്റെര്‍(24) എന്നിവരെയാണ് ശിക്ഷിച്ചത്. 

സ്റ്റീവന്‍ മെസ്‌റോപ്പ്, വടക്കേ അമേരിക്കയിലുടനീളം ഇവന്റ് ടിക്കറ്റുകളും പിപിഇ കിറ്റുകളും വാങ്ങുന്നതിനായി മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിക്കുന്ന വിപുലമായ ശൃംഖലയുടെ പ്രധാന കണ്ണിയാണ്. മെസ്റോപ്പ് മൊത്തം 3,463,253.85 യുഎസ് ഡോളറിന്റെ നഷ്ടം വരുത്തിയെന്നും കൂടാതെ 2,032,732.54 യുഎസ് ഡോളറിന്റെ അധിക നഷ്ടം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും യുഎസ് അറ്റോര്‍ണി ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ 80 മാസം ജയില്‍ ശിക്ഷ അനുഭവിക്കണം. കൂടാതെ ഈ കേസില്‍  39 ഇരകള്‍ക്ക് 3,463,253.85 യുഎസ് ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഒക്ലഹോമ സിറ്റി ഫെഡറല്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. 

ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റ് രണ്ട് പേരും കുറ്റം സമ്മതിക്കുകയും ചീഫ് യൂണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിസ്ട്രിക്റ്റ് ജഡ്ജി തിമോത്തി ഡി. ഡിജിയുസ്റ്റി ഇവര്‍ക്ക് ശിക്ഷ വിധിക്കുകയും ചെയ്തു. ഹബീബ് നാല് മാസത്തെ തടവ് അനുഭവിക്കുകയും എട്ട് ഇരകള്‍ക്ക് 683,243.23 യുഎസ് ഡോളര്‍ നഷ്ടപരിഹാരമായി നല്‍കുകയും ചെയ്യണം. ട്രെയ്‌സ്റ്ററിന് ജയില്‍ ശിക്ഷ വിധിച്ചില്ല, പകരം 30,000 യുഎസ് ഡോളര്‍ പിഴയൊടുക്കാന്‍ ഉത്തരവിട്ടു.