ഫെയ്‌സ്ബുക്കില്‍ അപകടകരമായ സപ്ലിമെന്റുകള്‍ പരസ്യം ചെയ്യുന്നു: മുന്നറിയിപ്പ് നല്‍കി കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സ് 

By: 600002 On: Nov 7, 2022, 10:53 AM


ഫെയ്‌സ്ബുക്കില്‍ പരസ്യം ചെയ്യുന്ന നിരവധി സപ്ലിമെന്റുകള്‍ ഉപയോക്താക്കള്‍ക്ക് ദോഷകരമാണെന്ന് കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സ്.  ശരീരഭാരം കുറയ്ക്കല്‍, ഓര്‍മ്മശക്തി മെച്ചപ്പെടുത്തല്‍, രോഗങ്ങള്‍ ഭേദമാക്കല്‍ തുടങ്ങി അവിശ്വസനീയമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന നിരവധി ആരോഗ്യ സപ്ലിമെന്റുകളെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

അപകടകരമായതും നിയമവിരുദ്ധമായതുമായ ചില സപ്ലിമെന്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളും പോസ്റ്റുകളും കണ്ടെത്തിയതായി കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സില്‍ വ്യക്തമാക്കുന്നു. ചില സപ്ലിമെന്റ് പരസ്യങ്ങള്‍ ചില പ്രത്യേക ആളുകളെ ലക്ഷ്യം വെച്ചുള്ളവയായിരിക്കും, കൂടാതെ ചിലത് അസ്വസ്ഥതപ്പെടുത്തുന്ന ഉള്ളടക്കങ്ങള്‍ അടങ്ങിയവയായിരിക്കുമെന്നും കണ്ടെത്തിയതായി അന്വേഷകരിലൊരാളായ കാവേ വാഡല്‍ പറയുന്നു. പ്രമേഹ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട സപ്ലിമെന്റ് പരസ്യങ്ങളാണ് കൂടുതലായും ഫെയ്‌സ്ബുക്കില്‍ വരുന്നത്. ആളുകളെ ആകര്‍ഷിക്കാന്‍ റിവേഴ്‌സ് ഡയബറ്റിസ് കിറ്റ് പോലുള്ളവ വിപണനം ചെയ്യാന്‍ ഫെയ്‌സ്ബുക്ക് വില്‍പ്പനക്കാരെ അനുവദിക്കുന്നു. എന്നാല്‍ ഇത്തരം സപ്ലിമെന്റുകള്‍ക്ക് പ്രമേഹത്തെ സുഖപ്പെടുത്താന്‍ കഴിയില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

ഉപയോക്താക്കള്‍ക്ക് പുതിയതും ഉപയോഗിച്ചതുമായ ഇനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന ഒന്നാണ് ഫേയ്‌സ്ബുക്കിന്റെ മാര്‍ക്കറ്റ് പ്ലെയ്‌സ്. ഇവിടെ അപകടകരമായ സപ്ലിമെന്റുകള്‍ വില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പട്ടികയില്‍ യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ആശങ്കയുളവാക്കുന്ന മരുന്നുകള്‍ എന്ന് വിശേഷിപ്പിക്കുന്ന ക്രാറ്റോം ഉള്‍പ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

ഇത്തരം പരസ്യങ്ങളില്‍ പ്രചോദനമുള്‍ക്കൊണ്ട് സപ്ലിമെന്റുകള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏതെങ്കിലും പുതിയ സപ്ലിമെന്റുകള്‍ പരീക്ഷിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിച്ച് കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കണമെന്നും സോഷ്യല്‍മീഡിയയില്‍ കാണുന്ന പരസ്യങ്ങള്‍ വിശ്വസിക്കുന്നതിനു മുമ്പ് സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തേണ്ടതുമാണെന്ന് കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സില്‍ മുന്നറിയിപ്പ് നല്‍കുന്നു.