ആശങ്ക പടര്‍ത്തി ആര്‍എസ്‌വി: കാനഡയില്‍ കുട്ടികളുടെ ആശുപത്രികള്‍ നിറയുന്നു  

By: 600002 On: Nov 7, 2022, 9:22 AM

 

കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതേയുള്ളൂ. അതിനിടയിലാണ് കുട്ടികളില്‍ വ്യാപകമായി  ആര്‍എസ്‌വി എന്ന രോഗബാധ പടരുന്നത്. കാനഡയിലുടനീളമുള്ള ആശുപത്രികളില്‍ രോഗബാധിതരായ കുട്ടികളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. കോവിഡിന്റെ മറ്റൊരു പതിപ്പെന്നാണ് ശിശുരോഗ വിദഗ്ധര്‍ ആര്‍എസ്‌വിയെ വിശേഷിപ്പിക്കുന്നത്. ആര്‍എസ്‌വിയുടെ വ്യാപനം രാജ്യത്തെ മിക്ക കുട്ടികളുടെ ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. 

നൂറ് ശതമാനം ശേഷി കൈകാര്യം ചെയ്യാന്‍ ആശുപത്രികള്‍ക്ക് കഴിയും. എന്നാല്‍ ആര്‍എസ്‌വി രോഗബാധിതരായവരുടെ എണ്ണം വര്‍ധിക്കുന്തോറും എമര്‍ജന്‍സി റൂം കാത്തിരിപ്പ് സമയം 24 മണിക്കൂര്‍ വരെ നീണ്ടുപോകാമെന്നും അടിയന്തരമല്ലാത്ത ചില ശസ്ത്രക്രിയകള്‍ വൈകിയേക്കാമെന്നും പീഡിയാട്രിക് ഹെല്‍ത്ത് കെയര്‍ പ്രൊഫശണലുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കുട്ടികളില്‍ സാധാരണ ജലദോഷവും പനിയുമുണ്ടാക്കുന്ന വൈറസുകളാണ് ആര്‍എസ്‌വി. എന്നാല്‍ കുട്ടികളില്‍ പ്രത്യേകിച്ച് ശിശുക്കളില്‍ ആല്‍എസ്‌വിയുടെ ഗുരുതര കേസുകള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന് കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പറയുന്നു. ആര്‍എസ്‌വി വൈറസ് ബാധിച്ച് ചിലരില്‍ ആസ്മ പോലുള്ള ബ്രോങ്കോലൈറ്റിസ് എന്ന ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങാറുണ്ട്. ഇത് മൂലം ന്യുമോണിയയും ഉണ്ടാകാമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. ആര്‍എസ്‌വിക്ക് വാക്‌സിനോ മറ്റ് ചികിത്സകളോ ഇല്ല. അതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ സെക്കന്‍ഡറി ഇന്‍ഫെക്ഷന്‍ ഇല്ലാതിരിക്കുവാനുംള്ള പരിചരണമാണ് സാധാരണയായി നല്‍കാറുള്ളത്. 

കാനഡയില്‍ ഇതുവരെ, 1,045 ആര്‍എസ്‌വി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ഏജന്‍സി വ്യക്തമാക്കുന്നു. പോസിറ്റിവിറ്റി നിരക്ക് ഏഴ് ശതമാനമാണ്. രാജ്യത്തുടനീളം കുട്ടികള്‍ക്കുള്ള അഡ്വിലിന്റെയും ടൈലനോളിന്റെയും ക്ഷാമം കേസുകള്‍ വര്‍ധിക്കുന്നതിനും ചികിത്സയെ ബാധിക്കുന്നതിനും കാരണമായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു.